സിവില്‍ ജഡ്ജ് ടിയാറ റോസ് മേരിക്കും അഭിഭാഷകയായ അമ്മ ശോഭയ്ക്കുമെതിരെ വ്യാപക പരാതി. ശ്രീകാര്യം പൊലീസിനും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും മുന്നില്‍ നിരവധി പരാതികള്‍ എത്തിയെങ്കിലും കേസെടുക്കാന്‍ തയ്യാറാവുന്നില്ലെന്ന ആരോപണവും ഉയര്‍ന്നു.
വഴി ഗേറ്റ് വെച്ച് അടച്ചെന്നും ലീസിനെടുത്ത ടര്‍ഫ് നടത്തിപ്പുകാരായ സംരംഭകരെ തടയുന്നു എന്നുമാണ് ഒടുവില്‍ ലഭിച്ച പരാതി. അമേരിക്കന്‍ പൗരനേയും മറ്റൊരാളേയും പൂട്ടിയിട്ടെന്ന മറ്റൊരു പരാതിയുമുണ്ട്. പരാതിക്കാരെ പൊലീസിനെക്കൊണ്ട് പിടിപ്പിക്കുമെന്ന് പറയുന്ന വീഡിയോയും ജാതി അധിക്ഷേപം നടത്തുന്ന ജഡ്ജിന്റെ അമ്മയുടെ ദൃശ്യങ്ങളും പുറത്തു വന്നു. 13 ലധികം പരാതികള്‍ ഇതിനകം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.
അതേസമയം എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്ന് അഡ്വ. ശോഭ പറഞ്ഞു. 15 ലിങ്‌സ് ആണ് ഔദാര്യമായി ഞങ്ങളുടെ പറമ്പിലൂടെ വഴിനടക്കാന്‍ അവര്‍ക്ക് കൊടുത്തത്. അത് കൊടുക്കേണ്ടിയിരുന്നില്ലെന്ന് തോന്നുന്നു. മാനുഷികപരിഗണനവെച്ചാണ് കൊടുത്തത്. 15 ലിങ്‌സ് വിട്ട് മൂന്നടിയുളള ഫെന്‍സിംഗ് ചെയ്യാന്‍ നോക്കിയപ്പോഴാണ് ഞങ്ങള്‍ തടഞ്ഞത്. തുടര്‍ന്ന് കോടതി വഴി നീങ്ങുകയായിരുന്നുവെന്ന് അഡ്വ. ശോഭ പ്രതികരിച്ചു. പൊലീസിനോട് അപമര്യാദയായി ഫോണില്‍ സംസാരിച്ചതിന് ടിയാറ റോസ് മേരി നടപടി നേരിട്ടിരുന്നു. 2021 ലായിരുന്നു സംഭവം. ടിയാറ പൊലീസ് ഉദ്യോഗസ്ഥനെ ശകാരിക്കുന്ന വോയിസ് ക്ലിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയായിരുന്നു.