മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണൻ ഐഎഎസിനെ സർവീസിൽ തിരിച്ചെടുത്തു



തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെ സർവീസിലേക്ക് തിരിച്ചെടുത്തു. റിവ്യു കമ്മിറ്റിയുടെ ശുപാർശയിലാണ് സസ്പെൻഷൻ പിൻവലിച്ചത്. വകുപ്പു തല അന്വേഷണത്തിൽ ഗോപാലകൃഷ്ണനെതിരെ കുറ്റം തെളിയിക്കാൻ ആയില്ലെന്നാണ് കണ്ടെത്തൽ.

ഹിന്ദു ഐഎഎസ് ഓഫീസർമാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതാണ് വിവാദമായത്. പിന്നാലെ  ഗോപാലകൃഷ്ണൻ മുസ്ലീം ഉദ്യോഗസ്ഥരുടെ ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. ഇതോടെയാണ് വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടായത്. ഇക്കാര്യത്തിൽ സർക്കാർ ഗോപാലകൃഷ്ണന്റെ വിശദീകരണവും തേടിയിരുന്നു.

വിവാദത്തിൽ ചീഫ് സെക്രട്ടറി കെ ഗോപാലകൃഷ്ണനു കുറ്റാരോപണ മെമ്മോ നൽകിയിരുന്നു. സംസ്ഥാനത്തെ ഐഎഎസ് ഓഫീസർമാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചു. അനൈക്യത്തിന്റെ വിത്തുകൾ പാകി. ഓൾ ഇന്ത്യ സർവീസ് കേഡറുകൾ തമ്മിലുള്ള ഐക്യം തകർക്കാൻ ശ്രമിച്ചു തുടങ്ങി നിരവധി ആരോപണങ്ങൾ മെമ്മോയിലുണ്ടായിരുന്നു. എന്നാൽ വകുപ്പു തല അന്വേഷണത്തിൽ കുറ്റം തെളിയിക്കാനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ സസ്പെൻഷൻ പിൻവലിച്ച് തിരിച്ചെടുത്തത്.
Previous Post Next Post