അനധികൃതമായി ഗ്യാസ് ഫില്ലിംഗ് നടക്കുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനക്കെത്തിയ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. കുടുംബം താമസിക്കുന്ന വീട്ടില്‍ യാതൊരുവിധ സുരക്ഷയുമില്ലാതെ ഗാര്‍ഹിക സിലിണ്ടറില്‍ നിന്നും വാണിജ്യ സിലിണ്ടറിലേക്ക് പാചക വാതകം നിറക്കുന്നതിനാണ് ഉദ്യോഗസ്ഥര്‍ സാക്ഷിയായത്. പരിശോധനക്കെത്തുന്ന സമയത്തും കംപ്രസറുകള്‍ ഉപയോഗിച്ച് അനധികൃതമായി ഗ്യാസ് ഫില്ലിംഗ് നടന്നുകൊണ്ടിരിക്കുകയായിരുന്നുവെന്ന് താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ സന്തോഷ് ചോലയില്‍ പറഞ്ഞു.
താമരശ്ശേരി കരിങ്ങമണ്ണ തോണിക്കടവ് സ്വദേശി അരേറ്റക്കുന്ന് ഷമീറിന്റെ വീട്ടിലാണ് അപകടകരമായ നിയമലംഘനം കണ്ടെത്തിയത്. വീടിന്റെ അടുക്കളയോട് ചേര്‍ന്നാണ് ഇതിനുള്ള സജ്ജീകരണം ഒരുക്കിയിരുന്നത്. ഇവിടെ നിന്നും പാചക വാതകം നിറച്ച 13 ഗാര്‍ഹിക സിലണ്ടറുകളും 18 വാണിജ്യ സിലണ്ടറുകളും ആറ് ഒഴിഞ്ഞ സിലിണ്ടറുകളും കണ്ടെത്തിയിട്ടുണ്ട്. ഗാസ് നിറയ്ക്കാന്‍ ഉപയോഗിച്ചിരുന്ന രണ്ട് കംപ്രസറുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ടെന്നും പരിശോധന വ്യാപകമാക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.