മലയാളത്തിന്‍റെ ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു


തൃശൂർ: മലയാളത്തിന്‍റെ ഭാവഗായകൻ പി. ജയചന്ദ്രൻ അന്തരിച്ചു. തൃശൂരിലായിരുന്നു അന്ത്യം. എൺപത് വയസായിരുന്നു അദ്ദേഹത്തിന്. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.

1986ൽ മികച്ച ഗായകനുള്ള കേന്ദ്ര ചലച്ചിത്ര പുരസ്കാരത്തിന് അർഹനായി. അഞ്ച് തവണ കേരളത്തിലും നാല് തവണ തമിഴ്നാട്ടിലും സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി. കേരളത്തിലെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി. ഡാനിയൽ അവാർഡും ലഭിച്ചിട്ടുണ്ട്.

എറണാകുളം രവിപുരത്ത് 1944 മാർച്ച് മൂന്നിനു ജനനം. കൊച്ചി രാജകുടുംബാഗമായിരുന്ന രവിവർമ കൊച്ചനിയൻ തമ്പുരാന്‍റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ച് മക്കളിൽ മൂന്നാമൻ. പിന്നീട്, കുടുംബം തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലേക്കു താമസം മാറി. ലളിതയാണ് ജയചന്ദ്രന്‍റെ ഭാര്യ. മക്കൾ: ലക്ഷ്മി, ദിനാനാഥ്.

കൊച്ചിൻ യിലെ പുരുഷന്മാർ രഹസ്യമായി ഇതുപയോഗിക്കുന്നു
കൂടുതൽ അറിയുക
1958ൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൃദംഗത്തിൽ ഒന്നാം സ്ഥാനവും ലളിത ഗാനത്തിൽ രണ്ടാം സ്ഥാനവും നേടിക്കൊണ്ടാണ് കേരളത്തിന്‍റെ കലാരംഗത്ത് ജയചന്ദ്രൻ ആദ്യമായി വ്യക്തിമുദ്ര പതിപ്പിക്കുന്നത്. ഇതേ കലോത്സവത്തിലാണ് ശാസ്ത്രീയ സംഗീത മത്സരത്തിനെത്തിയ കെ.ജെ. യേശുദാസുമായി അദ്ദേഹം പരിചയപ്പെടുന്നതും.

1967ൽ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ എന്ന സിനിമയിൽ ബാബുരാജ് ഈണമിട്ട ''അനുരാഗഗാനം പോലെ...'' എന്ന പാട്ടിലൂടെ ജയചന്ദ്രൻ മലയാള സിനിമ സംഗീത ലോകത്ത് ചുവടുറപ്പിച്ചു. തുടർന്ന് നിൻമണിയറയിലെ (1971), നീലഗിരിയുടെ (1972), മലയാള ഭാഷതൻ (1973) എന്നിങ്ങനെ തുടർച്ചയായി ഹിറ്റുകൾ. നീലഗിരിയുടെ സഖികളേ എന്ന ഗാനം ആദ്യത്തെ സംസ്ഥാന പുരസ്കാരവും അദ്ദേഹത്തിനു നേടിക്കൊടുത്തു.

1985ൽ പുറത്തിറങ്ങിയ ശ്രീനാരായണ ഗുരു എന്ന ചിത്രത്തിലെ, ജി. ദേവരാജൻ ഈണമിട്ട, ശിവശങ്കര സർവ ശരണ്യ വിഭോ എന്ന ഗുരുകൃതിയിലൂടെ തൊട്ടടുത്ത വർഷം ദേശീയ പുരസ്കാരത്തിനും അർഹനായി.

നഖക്ഷതങ്ങൾ, ട്രിവാൻഡ്രം ലോഡ്ജ് തുടങ്ങിയ സിനിമകളിൽ കാമിയോ റോളുകളിൽ അഭിനയിക്കുകയും ചെയ്തു. ഇടക്കാലത്ത് സിനിമാ രംഗത്തു നിന്നു വിട്ടു നിന്ന അദ്ദേഹം 1998ൽ പുറത്തിറങ്ങിയ നിറം എന്ന ചിത്രത്തിലെ പ്രായം നമ്മിൽ മോഹം നൽകി എന്ന സൂപ്പർ ഹിറ്റ് ഗാനത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഇതേ പാട്ടിലൂടെ സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി. ഏറ്റവുമൊടുവിൽ, ജിലേബി, എന്നു നിന്‍റെ മൊയ്തീൻ എന്നീ സിനിമകളിലൂടെ 2015ലും സംസ്ഥാന പുരസ്കാരം.

എ.ആർ. റഹ്മാൻ ആദ്യമായി ഈണമിട്ടു എന്നു കരുതപ്പെടുന്ന സിനിമാ ഗാനം പുറത്തുവന്നതും പി. ജയചന്ദ്രന്‍റെ ശബ്ദത്തിലായിരുന്നു. 1975ൽ റഹ്മാന്‍റെ അച്ഛൻ ആർ.കെ. ശേഖറിന്‍റെ ക്രെഡിറ്റിൽ പുറത്തുവന്ന പെൺപട എന്ന ചിത്രത്തിലെ വെള്ളി തേൻ കിണ്ണം പോൽ എന്ന പാട്ടായിരുന്നു ഇത്.

തമിഴിൽ പ്രമുഖ സംഗീത സംവിധായകൻ ഇളയരാജയുമൊത്ത് നിരവധി എവർഗ്രീൻ ഹിറ്റുകൾ ജയചന്ദ്രൻ ആസ്വാദകർക്കു സമ്മാനിച്ചു. രാസാത്തി ഉന്നൈ, കാത്തിരുന്ത് കാത്തിരുന്ത് എന്നിവ അവയിൽ ചിലതു മാത്രം.
Previous Post Next Post