വനിത ബിഷപ്പ് ഉള്‍പ്പെടെ രണ്ട് സ്ത്രീകളോട് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപണം നേരിടുന്ന ബ്രിട്ടനിലെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് (Church of England) സഭയിലെ മലയാളി ബിഷപ്പ് ജോണ്‍ പെരുമ്പളത്ത് രാജിവെച്ചു.ലിവര്‍പൂള്‍ ഭദ്രാസന(രൂപത)ത്തിലെ മുതിര്‍ന്ന വൈദികരടക്കം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ചാനല്‍ 4 ടെലിവിഷന്‍ നടത്തിയ അന്വേഷണത്തിലാണ് വനിത ബിഷപ്പടക്കം രണ്ട് സ്ത്രീകള്‍ ജോണ്‍ പെരുമ്പളത്തിനെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചത്. സഭയുടെ ഉത്തമ താല്‍പര്യത്തെക്കരുതി താന്‍ രാജി വെക്കുകയാണെന്ന് ജോണ്‍ പെരുമ്പളം പ്രതികരിച്ചു. ജോണ്‍ പെരുമ്പളത്തിന്റെ രാജി ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന് അംഗീകരിച്ചു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭയിലെ ബിഷപ്പുമാരുടെ നിയമനാധികാരി രാജാവാണ്.
ബിഷപ്പ് ജോണ്‍ പെരുമ്പളത്തിനെതിരെ പരാതി ഉന്നയിച്ചത് വാറിംഗ്ടണ്‍ രൂപതയുടെ വനിത ബിഷപ്പായ ബെവ് മേസണ്‍ (Bev Maosn) ആണെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ബിഷപ്പ് ജോണ്‍ പെരുമ്പളത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭ തൃപ്തികരവുമായ അന്വേഷണം നടത്തിയില്ലെന്ന് വനിത ബിഷപ്പ് ബെവ് മേസണ്‍ കുറ്റപ്പെടുത്തി. സഭാ നേതൃത്വത്തെ കുറ്റപ്പെട്ടുത്തിക്കൊണ്ട് അവര്‍ തുറന്ന കത്ത് എഴുതിയിരുന്നു. തന്റെ സമ്മതമില്ലാതെ ബിഷപ്പ് ജോണ്‍ ചുംബിക്കുകയും കയറിപ്പിടിക്കുകയും ചെയ്തുവെന്ന് എസെക്സ് സ്വദേശിയായ മറ്റൊരു സ്ത്രീയും പരാതി ഉന്നയിച്ചിരുന്നു. 2019 മുതല്‍ 2023 ബിഷപ്പ് ജോണ്‍ ബ്രാഡ്വെല് രൂപതയുടെ ചുമതല വഹിച്ചിരുന്ന കാലത്താണ് രണ്ട് ലൈംഗിക അതിക്രമങ്ങളും നടത്തിയെന്നാണ് ആക്ഷേപം.
2023ലാണ് ലിവര്‍പൂള്‍ ബിഷപ്പായി പെരുമ്പളത്ത് ചുമതലയേല്‍ക്കുന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹം ശക്തിയായി നിഷേധിച്ചിരുന്നു.2023ല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് നാഷണല്‍ സെയ്ഫ് ഗാര്‍ഡിംഗ് ടീംസ് ഉള്‍പ്പടെ അന്വേഷിച്ച് തള്ളിക്കളഞ്ഞതാണ്. അടിസ്ഥാന രഹിതമായ മാധ്യമ വിചാരണയും കുറ്റപ്പെടുത്തലുമാണ് നടക്കുന്നത്. സഭയുടെയും തന്റെ കുടുംബത്തിന്റേയും ഉത്തമ താല്പര്യത്തെ കരുതിയാണ് ബിഷപ്പ് സ്ഥാനം രാജിവെക്കുന്നതെന്നും 59 കാരനായ ജോണ്‍ പെരുമ്പളത്ത് വ്യക്തമാക്കി. വയനാട്ടിലെ മാനന്തവാടി സ്വദേശിയാണ് ജോണ്‍ പെരുമ്പളത്ത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ചെങ്ങന്നൂരില്‍ നിന്ന് വയനാട്ടിലേക്ക് കുടിയേറിയതാണ്.
താന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ വെളിച്ചത്ത് വന്ന സാഹചര്യത്തില്‍ മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് പ്രതിരോധിക്കാന്‍ ശ്രമിക്കാതിരിക്കുന്നതാണ് ജോണ്‍ പെരുന്തളത്തിന് നല്ലതെന്ന് വനിത ബിഷപ്പ് ബെവ് മേസണ്‍ പറഞ്ഞു. താന്‍ ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ച് സത്യസന്ധവും ആത്മാര്‍ത്ഥവുമായ അന്വേഷണങ്ങള്‍ നടക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ബിഷപ്പ് ജോണ്‍ പെരുമ്പളത്ത് ലിവര്‍പൂള്‍ രൂപതാ ബിഷപ്പായി ചുമതല ഏല്ക്കുന്നതിന് മുമ്പ് ബെവ് മേസണ്‍ ഇവിടെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്നു. താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദ്ദങ്ങളും വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയുന്നതല്ല. ഒരു ബിഷപ്പും നിയമത്തിന് അതീതരല്ല. സഭാധികാരികള്‍ താന്‍ തുടക്കത്തില്‍ ജോണ്‍ പെരുമ്പളത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളോട് നീതിപൂര്‍വമായി പ്രതികരിച്ചില്ലെന്നും വനിത ബിഷപ്പ് കുറ്റപ്പെടുത്തി.
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികര്‍ക്കെതിരെ ഉയര്‍ന്ന പരാതിയില്‍ നടപടി എടുക്കാതെ പൂഴ്ത്തിവെച്ചത് പുറത്തായതോടെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ മേലധ്യക്ഷന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന് വില്ബി (Justin Wilby) രാജിവച്ച് ഒഴിഞ്ഞത് 2024 നവംബര്‍ 14 നാണ്. ഇപ്പോള്‍ ലിവര്‍പൂള്‍ ബിഷപ്പിനെതിരെ രണ്ട് സ്ത്രീകള്‍ ലൈംഗിക അതിക്രമ പരാതി ഉയര്‍ത്തിയതോടെ അദ്ദേഹവും രാജിവെച്ച് ഒഴിഞ്ഞു. ഇതോടെ ബ്രിട്ടനിലെ ഔദ്യോഗിക സഭയായ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭ ഒന്നാകെ നാറി നാണംകെട്ട് നില്‍ക്കുകയാണ്.