തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വീണ്ടും വിദ്യാർഥിക്ക് മർദ്ദനമേറ്റതായി പരാതി. എസ് എഫ് ഐ പ്രവർത്തകർ ഒന്നാം വർഷ വിദ്യാർഥി അബ്ദുള്ളയെ മർദ്ദിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ മർദ്ദിച്ച കേസിൽ പ്രതിയായിരുന്ന മിഥുന്‍റെ നേതൃത്വലായിരുന്നു മർദ്ദനമെന്നാണ് പരാതി. അതേസമയം മർദ്ദനമേറ്റ അബ്ദുള്ളക്കെതിരെ കോളേജ് ചെയർപേഴ്സണും പരാതി നൽകിയിട്ടുണ്ട്. തന്നെ അഭസ്യം വിളിച്ചുവെന്നാണ് കോളേജ് ചെയർപേഴ്സണായ ഫരിഷ്ത എൻ എസിന്‍റെ പരാതി. ഫരിഷ്തയുടെ പരാതിയിലും കന്‍റോൺമെന്‍റ് പൊലിസ് കേസെടുത്തിട്ടുണ്ട്.
ഇക്കഴിഞ്ഞ ഡിസംബർ മാസത്തിൽ യൂണിവേഴ്സിറ്റി കോളേജിലെ ഇടിമുറിയിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് മർദ്ദനമേറ്റത് വലിയ വിവാദമായിരുന്നു. അമൽ, മിഥുൻ, അലൻ, വിധു എന്നിവരായിരുന്നു ആ കേസിലെ നാല് പ്രതികള്‍. വലിയ തോതിൽ വിമർശനമുയർന്ന സംഭവത്തിൽ എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാൻ സി പി എം ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകിയെന്ന വാർത്തകളും പുറത്തുവന്നിരുന്നു. അതിനിടയിലാണ് കോളേജിൽ വീണ്ടും എസ് എഫ് ഐ മർദ്ദനമെന്ന പരാതി വന്നിരിക്കുന്നത്.