തിരുവനന്തപുരത്തു നിന്നെത്തിയ വിജിലന്‍സ് സംഘം ആദ്യം എടത്തല പഞ്ചായത്ത് ഓഫിസിലെത്തിയാണ് രേഖകള്‍ പരിശോധിച്ചത്. പിന്നീട് വില്ലേജ് ഓഫിസര്‍ ഉള്‍പ്പെടെയുളള റവന്യു ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി വിവാദ സ്ഥലത്തെ നിര്‍മാണങ്ങളും വിലയിരുത്തി. ഈ ഭൂമിയിലെ പ്രധാന കെട്ടിടത്തിന്‍റെ നിര്‍മാണം അനുമതിയില്ലാതെയാണെന്ന് കാട്ടി പഞ്ചായത്ത് കഴിഞ്ഞ ദിവസം വിജിലന്‍സിന് കത്ത് നല്‍കിയിരുന്നു. നാവികസേനയുടെ ആയുധ സംഭരണശാലയ്ക്ക് സമീപമുളള നിര്‍മാണത്തിന് പ്രതിരോധ വകുപ്പിന്‍റെ എന്‍ ഒ സിയില്ലെന്ന കാര്യവും പഞ്ചായത്ത് വിജിലന്‍സിനെ അറിയിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം വിജിലന്‍സ് സംഘം വിശദ പരിശോധനയ്ക്ക് വിധേയമാക്കി. പാട്ടാവകാശം മാത്രമുളള പന്ത്രണ്ട് ഏക്കറോളം ഭൂമി അന്‍വറിന്‍റെ ഉടമസ്ഥതയിലുളള പി വി റിയല്‍ട്ടേഴ്സ് നിയമവിരുദ്ധമായി പോക്കുവരവ് നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സിനോട് സര്‍ക്കാര്‍ പ്രാഥമിക അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ഈയാഴ്ച തന്നെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി തുടര്‍ അന്വേഷണത്തിലേക്ക് കടക്കാനാണ് വിജിലന്‍സ് നീക്കം. രാഷ്ട്രീയ പകപോക്കലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഡെറ്റ് റിക്കവറി ട്രിബ്യൂണലില്‍ പണമടച്ചാണ് ഭൂമി സ്വന്തമാക്കിയത് എന്നുമാണ് അന്‍വറിന്‍റെ വാദം. പാട്ടഭൂമിയിലെ കെട്ടിടം താൻ നിർമ്മിച്ചതല്ലെന്നും ഭൂമി വാങ്ങുമ്പോൾ തന്നെ കെട്ടിടം അവിടെയുണ്ടായിരുന്നുവെന്നുമാണ് അൻവർ പറയുന്നത്. ഒരു ക്രമക്കേടും കാണിച്ചിട്ടില്ലെന്നും പി വി അൻവർ വാദിക്കുന്നുണ്ട്.