മടിയിൽ കനമില്ലെങ്കിൽ നമ്മൾ ഭയക്കേണ്ടതില്ലെന്ന് പിണറായി വിജയൻ പഠിപ്പിച്ചിട്ടുണ്ട്; പി പി ദിവ്യ



അഴിമതിയെക്കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവർക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുന്നത് സ്വാഭാവികമാണെന്ന് കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യ. കൂടുതൽ ആരോപണങ്ങളുമായി കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ്‌ ഷമ്മാസ് രംഗത്ത് വന്ന സാഹചര്യത്തിലാണ് പി പി ദിവ്യയുടെ മറുപടി. മുഖ്യമന്ത്രി പിണറായി വിജയനുമൊത്തുള്ള ചിത്രവും ദിവ്യ പങ്കുവെച്ചിട്ടുണ്ട്.

എന്തൊക്കെ ആരോപണങ്ങൾ വരുമ്പോഴും രാഷ്ട്രീയ എതിരാളികൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും മടിയിൽ കനമില്ലെങ്കിൽ നമ്മൾ ഭയക്കേണ്ടതില്ലെന്ന് പിണറായി വിജയൻ പഠിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വർഷത്തിലധികമായി ഒരു മാധ്യമ പരിലാളനയിലും വളർന്ന നേതാവല്ല സഖാവ് പിണറായി. അലക്കി തേച്ച വെള്ള വസ്ത്രവും നാല് പേപ്പറും കയ്യിൽ വെച്ച് നാല് മാധ്യമങ്ങളെ കാണുമ്പോൾ പറയുന്ന വിടുവായത്തത്തിന് ഓരോന്നും മറുപടി പറഞ്ഞു സമയം കളയുന്നില്ല. കോടതിയിൽ കാണാമെന്നും പി പി ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് ജില്ലാ പഞ്ചായത്ത്‌ കരാറുകൾ നൽകിയതിൽ ദുരൂഹതയുണ്ടെന്നാണ് മുഹമ്മദ് ഷമ്മാസ് ഇന്ന് ആരോപിച്ചത്. ദിവ്യയുടെ ഭർത്താവ് സർക്കാർ ഉദ്യോസ്ഥനാണെങ്കിലും ഭൂമി രേഖയിൽ കൃഷിയാണ് വരുമാന മാർഗം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ദിവ്യയ്ക്ക് എതിരെ വിജിലൻസിൽ പരാതി നൽകുമെന്നും മുഹമ്മദ് ഷമ്മാസ് വ്യക്തമാക്കി.

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ഒട്ടുമിക്ക എല്ലാ നിർമ്മാണ പ്രവർത്തനങ്ങളുടെ കരാറുകളും ലഭിച്ചിരിക്കുന്നത് കണ്ണൂർ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്കാണെന്ന് മുഹമ്മദ് ഷമ്മാസ് പറഞ്ഞു. ദിവ്യ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 10.47 കോടിയുടെ കരാർ ഈ ജില്ലാ നിർമ്മിതി കേന്ദ്രയ്ക്ക് ലഭിച്ചു. ഈ കരാറുകളെല്ലാം നൽകിയിരിക്കുന്നത് നേരിട്ടാണ് എന്നതാണ് ശ്രദ്ധേയം. ജില്ലാ നിർമ്മിതി കേന്ദ്ര നേരിട്ടല്ല പ്രവർത്തികൾ നടത്തുന്നത്. നിർമ്മിത് കേന്ദ്രയ്ക്ക് നൽകിയ പദ്ധതി ഏറ്റെടുത്ത് നടത്തിയത് ദിവ്യയുടെ ബെനാമി കമ്പനിയായ കാർട്ടൻ ഇന്ത്യ അലയൻസ് ലിമിറ്റഡാണെന്നും മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.

Previous Post Next Post