മാനന്തവാടി പഞ്ചാര കൊല്ലിയിൽ കടുവ കൊലപ്പെടുത്തിയ രാധയെന്ന സ്ത്രീ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിന്നു മണിയുടെ ബന്ധു. തൻ്റെ അമ്മാവൻ്റെ ഭാര്യയാണ് കൊല്ലപ്പെട്ടതെന്ന വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ വെളിപ്പെടുത്തിയത്. മിന്നു മണി തൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കടുവയെ എത്രയും പെട്ടെന്ന് പിടികൂടുമെന്ന് പ്രതീക്ഷിക്കുന്നതായും താരം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫെയ്സ്ബുക് പോസ്റ്റ്
വളരെ ഞെട്ടിക്കുന്ന വാർത്തയാണ്. അൽപ്പം മുമ്പ് കേൾക്കാൻ ഇടയായത്. വയനാട് പഞ്ചാരക്കൊല്ലിയിൽ ഉണ്ടായ കടുവയുടെ ആക്രമത്തിൽ മരണപ്പെട്ടത് എൻ്റെ അമ്മാവന്റെ ഭാര്യയാണ്….അക്രമകാരിയായ കടുവയെ എത്രയും പെട്ടെന്ന് പിടികൂടി പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നു….ആത്മാവിന് നിത്യശാന്തി നേരുന്നു മിന്നുമണി….
ഇന്ന് രാവിലെയാണ് രാധയെ കടുവ കടിച്ചുകൊലപ്പെടുത്തിയ നിലയിൽ വനത്തിനുള്ളൽ കണ്ടെത്തിയത്. പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ വന ഭാഗത്ത് കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് വിവരം. തണ്ടർബോൾട്ട് സംഘമാണ് മൃതദേഹം ആദ്യം കണ്ടത്. പഞ്ചാരക്കൊല്ലിയിലെ വനം വകുപ്പ് താത്കാലിക വാച്ചർ അച്ഛപ്പൻ്റെ ഭാര്യയാണ് രാധ. ഇവരുടെ കുടുംബത്തിന് സർക്കാർ 11 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിൽ ഒരാൾക്ക് (അച്ഛപ്പന് പുറമെ) സർക്കാർ ജോലി നൽകുമെന്നും മന്ത്രി ഒആർ കേളു വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് കടുവ രാധയെ കൊലപ്പെടുത്തിയത്. മൃതദേഹത്തിൽ ഒരു ഭാഗം കടുവ ഭക്ഷിച്ചു. ആറ് മീറ്ററോളം ദൂരം കടുവ മൃതദേഹം വലിച്ചിഴച്ചുവെന്നുമാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അതേസമയം ആക്രമിച്ച കടുവയെ വെടിവെച്ച് കൊല്ലാൻ സർക്കാർ ഉത്തരവിട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മന്ത്രി ഒആർ കേളുവിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും സർക്കാർ സഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിഷേധം കെട്ടടങ്ങി.