ക്രൈസ്തവസഭകളുമായി സംസ്ഥാന ബിജെപി ഘടകം അടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ക്രൈസ്തവർക്കെതിരെ ആർഎസ്എസ് മേധാവി നടത്തിയ പ്രസ്താവന തിരിച്ചടിയായി. ഘർവാപസി ഇല്ലെങ്കിൽ ആദിവാസികൾ ദേശവിരുദ്ധരായി മാറുമെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞുവെന്ന പേരിൽ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഇൻഡോറിൽ നടത്തിയ അവകാശവാദം ഞെട്ടിക്കുന്നതും സംശയാസ്പദവും ആണെന്ന് അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) പത്രക്കുറിപ്പ്.
“ഡോ. പ്രണബ് മുഖർജി രാഷ്ട്രപതിയായിരിക്കെ ഞാൻ ആദ്യമായി അദ്ദേഹത്തെ കാണാൻ പോയിരുന്നു. ഘർവാപസി വിഷയത്തിൽ പാർലമെൻ്റിൽ അന്ന് ബഹളമുണ്ടായി. കുറച്ച് ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരുമെന്ന് കരുതിയാണ് പോയത്. അങ്ങനെ തയാറെടുത്തു. നിങ്ങളുടെ ആളുകൾ എന്താണു ചെയ്യുന്നത്? ചിലരെ തിരികെ കൊണ്ടുവന്നു. ഇതു വിവാദം സൃഷ്ടിക്കുന്നതാണ്.” അദ്ദേഹം പറഞ്ഞു.
“വിവാദത്തിന് പിന്നില്‍ രാഷ്ട്രീയമാണ്. രാഷ്ട്രപതിസ്ഥാനം വഹിക്കാതെ കോണ്‍ഗ്രസില്‍ ആയിരുന്നെങ്കില്‍ ഞാനും ഇത് തന്നെ പറയുമായിരുന്നു. 30 ശതമാനം ആദിവാസികള്‍ തിരിച്ചുവന്നതില്‍ സന്തോഷമുണ്ട്. അല്ലെങ്കില്‍ അവർ ദേശവിരുദ്ധരായി മാറുമായിരുന്നു.” പ്രണബിനെ ഉദ്ധരിച്ച് മോഹന്‍ ഭാഗവത് പറഞ്ഞു.
ഈ പ്രസ്താവനക്കെതിരെയാണ് സിബിസിഐ രംഗത്ത് വന്നത്. ആർഎസ്എസ് മേധാവിയുടെ പ്രസ്താവനയെക്കുറിച്ച് മിണ്ടാട്ടം മുട്ടി നിൽക്കയാണ് സംസ്ഥാന ബിജെപിയും അവരെ പിന്തുണയ്ക്കുന്ന കാസ, ക്രോസ് തുടങ്ങിയ സംഘടനകളും. കഴിഞ്ഞ വർഷം രാജ്യത്ത് ക്രൈസ്തവർക്കെതിരെ 834 അതിക്രമങ്ങൾ നടന്നതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വശത്ത് പ്രീണനവും മറുവശത്ത് അക്രമവും നടത്തുന്ന സംഘപരിവാറിൻ്റെ ഇരട്ടത്താപ്പിനെതിരെ ബിജെപി അനുകൂലികളായ ക്രിസ്ത്യാനികളും അസ്വസ്ഥരാണ്.
“പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്ത്യാനികളെ പ്രീണിപ്പിക്കാൻ ശ്രമിക്കുന്നു. അതേസമയം ഉപഘടകങ്ങൾ ക്രിസ്ത്യാനികളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. മറ്റൊരു ശൈലിയിലേ കേരളത്തിൽ കാര്യങ്ങൾ നടത്താനാകു എന്ന് അവർക്കറിയാമെന്ന്” ഓർത്തഡോക്‌സ് സഭയുടെ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മീലിത്തിയോസ് അഭിപ്രായപ്പെട്ടിരുന്നു.
രാജ്യത്തിന്റെ ബഹുസ്വരതയെയും മതേതരത്വത്തെയും തകർക്കുന്നതും വിദ്വേഷവും അക്രമവും നിലനിർത്തുന്നതുമായ വിഭജന രാഷ്ട്രീയത്തിനെതിരേ ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയനേതൃത്വവും പാർലമെന്റംഗങ്ങളും മാധ്യമങ്ങളും പ്രതികരിക്കണമെന്ന് കത്തോലിക്കാ മെത്രാൻ സമിതി ആവശ്യപ്പെട്ടു.
വലതുപക്ഷ കീഴടങ്ങൽ പത്രപ്രവർത്തനത്തിന്റെ പ്രവണത കൂടിയാണ് ദേശീയ മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണങ്ങളെന്ന് സിബിസിഐ കുറ്റപ്പെടുത്തി. പ്രണബിന്റെ വ്യക്തിഗത സംഭാഷണം വളച്ചൊടിച്ചുള്ള ആർഎസ്എസ് തലവന്റെ പരാമർശത്തെക്കുറിച്ചുള്ള ഇന്ത്യൻ എക്സ്പ്രസിലെ തലക്കെട്ടും വാർത്തയും ഇതിനുദാഹരമാണെന്ന് സിബിസിഐ വക്താവ് ചൂണ്ടിക്കാട്ടി.
ക്രിസ്മസ് കാലത്ത് ക്രൈസ്തവരുടെ വീടുകളിൽ ബിജെപി പ്രവർത്തകർ സ്നേഹയാത്ര എന്ന പേരിൽ കേക്ക് മുറിക്കുന്ന പരിപാടി നടത്തുന്നതിനിടയിലാണ് പാലക്കാട് നല്ലേപ്പിളളി ഗവ. സ്കൂളിലെ ക്രിസ്മസ് ആഘോഷം ഒരുപറ്റം വിശ്വഹിന്ദു പ്രവർത്തകർ അലങ്കോലപ്പെടുത്തിയത്. വിഎച്ച്പിയുടെ ഈ നടപടി നിമിത്തം ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. വിഎച്ച്പിയുടെ പ്രവർത്തിയെ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ അപലപിച്ചെങ്കിലും നല്ലേപ്പിള്ളി സംഭവം പാർട്ടിയുടെ വിശ്വാസ്യതയ്ക്ക് വലിയ കോട്ടം തട്ടിയെന്ന് നേതൃത്വത്തിന് സമ്മതിക്കേണ്ടി വന്നു.