‘പട്ടം താണുപിള്ളയ്ക്ക് ശേഷം കേരളത്തില്‍ നായര്‍ സമുദായത്തില്‍ നിന്നും ആരും മുഖ്യമന്ത്രിയായിട്ടില്ലെന്ന്’ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അത് സത്യമല്ലേ എന്നും അദ്ദേഹം ചോദിച്ചു. കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍. കെ.കരുണാകരന്‍ മൂന്ന് വട്ടം കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ കാര്യം അദ്ദേഹം സാന്ദര്‍ഭികമായി പരാമര്‍ശിച്ചതുമില്ല. നായര്‍ സമുദായവുമായി രമേശ് ചെന്നിത്തല അടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് വീണ്ടും നായര്‍ പരാമര്‍ശം ഉയര്‍ന്നുവന്നിരിക്കുന്നത്. മന്നം ജയന്തിയില്‍ പതിനൊന്ന് വര്‍ഷത്തിന് ശേഷം ഇതാദ്യമായി ചെന്നിത്തല പങ്കെടുത്തിരുന്നു.
“ഞാനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മില്‍ ഒരു ശീതസമരവും ഇല്ല. എന്റെ ഭാഗത്ത് നിന്നും സതീശനോട് ഒരു പ്രശ്നവുമില്ല. സതീശന്‍റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്നം ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ സതീശന്‍ മന്ത്രിയാകാത്തതില്‍ അതിന്റെതായ കാരണമുണ്ട്. ഒരിക്കലും വി.എസ്.ശിവകുമാറിന് വേണ്ടി സതീശനെ ഒഴിവാക്കിയിട്ടില്ല.”
“പ്രതിപക്ഷ നേതാവായിരിക്കെ അഞ്ച് വര്‍ഷക്കാലം ഒരു പ്രതിപക്ഷ നേതാവിന്റെ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. ജനങ്ങളെ കണ്ടു. ജനകീയ പ്രശ്നങ്ങളില്‍ ഇടപെട്ടു. സര്‍ക്കാരിന്റെ അഴിമതിക്ക് എതിരെ നിലപാടെടുത്തു. സര്‍ക്കാരിനെതിരെ അഞ്ച് പ്രശ്നങ്ങളില്‍ നിലപാട് എടുത്തു. ഗവണ്‍മെന്റ് ഭയപ്പെട്ട് ആ അഞ്ച് തീരുമാനങ്ങളില്‍ നിന്നും പിന്‍വലിഞ്ഞു.”
“ഞാന്‍ ആക്ഷേപം ഉന്നയിച്ചതിന്റെ പേരിലാണ് ഇ.പി.ജയരാജന് രാജി വയ്ക്കേണ്ടി വന്നത്. സ്പ്രിംഗ്ലർ, പമ്പാ മണല്‍ക്കടത്ത്, ആഴക്കടല്‍ മത്സ്യബന്ധനം ഇങ്ങനെ എല്ലാ കാര്യത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വലിഞ്ഞു. പ്രധാനപ്പെട്ട ഏഴ് കാര്യങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്‍വലിക്കേണ്ടി വന്നു. കോവിഡ് കാലത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ സ്വാധീനിച്ചു എന്നതിന്റെ തെളിവായിരുന്നു ഇടത് തുടര്‍ഭരണം.” -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.