ഗാസയിൽ ആശ്വാസകിരണം; അഭയാർഥികൾ മടങ്ങിത്തുടങ്ങി



ദേർ അൽ ബല: അവസാന മണിക്കൂറുകളിലും അവിശ്വാസവും ആശയക്കുഴപ്പവും സൃഷ്ടിച്ച പ്രതിസന്ധിക്കൊടുവിൽ ഗാസയിൽ ആശ്വാസത്തിന്‍റെ കിരണം. പതിനഞ്ചു മാസത്തിനുശേഷം വെടിയൊച്ച നിലച്ചതോടെ താത്കാലിക ടെന്‍റുകളിൽ നിന്ന് അഭയാർഥികൾ കൂട്ടത്തോടെ വീടുകളിലേക്കു മടക്കയാത്ര തുടങ്ങി. വിട്ടയയ്ക്കുന്ന ബന്ദികളിൽ ആദ്യ മൂന്നു പേരുടെ വിവരങ്ങൾ ഹമാസ്, ഇസ്രയേലിനു കൈമാറിയതോടെയാണു പശ്ചിമേഷ്യയിൽ സമാധാനത്തിനു വഴി തെളിഞ്ഞത്.

ആദ്യ ഘട്ടമായി ആറാഴ്ചത്തേക്കാണ് വെടിനിർത്തൽ. ഹമാസ് സ്വതന്ത്രരാക്കുന്ന ഓരോ ബന്ദിക്കും പകരമായി ഇസ്രേലി ജയിലിലുള്ള 30 പലസ്തീനീകളെ വീതം മോചിപ്പിക്കണം. കരാർ ലംഘനമോ ആക്രമണമോ ഉണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് തനിക്ക് എല്ലാ പിന്തുണയും നിയുക്ത യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉറപ്പു നൽകിയിട്ടുണ്ടെന്നും നെതന്യാഹു.

2023 ഒക്റ്റോബർ ഏഴിലെ ആക്രമണത്തിൽ ബന്ദികളാക്കിയ മൂന്നു യുവതികളെയാണ് ഹമാസ് ഇന്നലെ റെഡ് ക്രോസ് സംഘം വഴി ഇസ്രയേലിനു കൈമാറിയത്. ദൊരോൺ സ്റ്റീൻബ്രഷർ (31), ബ്രിട്ടിഷ്- ഇസ്രേലി യുവതി എമിലി ദമരി (28), റോമി ഗൊനെൻ (24) എന്നിവർക്കാണു മോചനം.

ഇസ്രേലി സമയം രാവിലെ 8.30ന് (ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് 12.30) വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, മോചിപ്പിക്കുന്ന ബന്ദികളുടെ വിവരങ്ങൾ കൈമാറുന്നത് ഹമാസ് രണ്ടു മണിക്കൂറിലേറെ വൈകിപ്പിച്ചതോടെ വെടിനിർത്തൽ മൂന്നു മണിക്കൂർ വൈകി. ഈ സമയത്ത് ഇസ്രയേൽ നടത്തിയ ശക്തമായ ആക്രമണത്തിൽ ഗാസയിൽ 26 പേർ മരിച്ചു.

അതിനിടെ, വെടിനിർത്തലിൽ പ്രതിഷേധിച്ച് ഇസ്രേലി മന്ത്രിസഭയിലെ കരുത്തൻ ഇറ്റാമർ ബെൻ ജിവിർ രാജിവച്ചു. തത്കാലം മന്ത്രിസഭയ്ക്കു ഭീഷണിയില്ലെങ്കിലും നെതന്യാഹു സർക്കാരിന് തിരിച്ചടിയാണു ജിവിറിന്‍റെ രാജി.

Previous Post Next Post