കാട്ടാക്കടയിൽ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി പുറപ്പെട്ട സംഘം സഞ്ചരിച്ച ബസാണ് ഇരിഞ്ചിയത്ത് വച്ച് മറിഞ്ഞത്. സംഭവത്തിൽ ഒരാൾ മരിച്ചിരുന്നു. 40പേർക്ക് പരിക്കേറ്റു. വളവില്‍ വച്ച് ബസ് ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദപരിശോധന ഇന്ന് നടക്കും. അതേസമയം, അപകടത്തിൽപ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകട സമയം അടുത്തുണ്ടായിരുന്നവർ പറയുന്നത്. വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞ ശേഷമാണ് ബസ് മറിഞ്ഞത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്സാക്ഷികൾ പറയുന്നു.
ഇന്നലെ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. 49 പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. സാരമായ പരിക്കേറ്റ 20 പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു