തൃശൂർ കോർപ്പറേഷൻ പരിധിയിലെ റോഡുകൾ തകർന്ന് കിടക്കുന്നു; കുത്തിയിരുന്ന് പ്രതിഷേധിച്ച് കൗൺസിലർമാർ

തൃശൂർ: തൃശൂർ കോർപ്പറേഷൻ പരിധിയിലെ റോഡുകൾ തകർന്ന് കിടക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ നടുറോഡിൽ കുത്തിയിരുന്ന് സമരം നടത്തി. പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലന്‍റെ നേതൃത്വത്തിൽ ഇക്കണ്ടവാരിയർ റോഡിലെ പൗരസമിതി ജങ്ഷനിൽ ആയിരുന്നു സമരം. 

മഴ മാറി ഒന്നര മാസം പിന്നിട്ടിട്ടും തൃശൂർ കോർപ്പറേഷനിലെ പ്രധാന റോഡുകൾ വാഹന ഗതാഗതത്തിനും കാൽനടക്കാർക്കു പോലും സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്ന് രാജൻ ജെ പല്ലൻ ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. അമൃതം പദ്ധതിയിൽ കോടിക്കണക്കിന് രൂപ കോർപ്പറേഷന് ലഭിച്ചിട്ടും കെട്ടിട നികുതിയിനത്തിൽ കോടിക്കണക്കിനു രൂപ തൃശൂർ ജനതയിൽ നിന്ന് പിരിച്ചെടുത്തിട്ടും റോഡുകൾ റീടാറിങ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ചോദ്യം. സിപിഎം നേതാക്കളും മേയറും മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

ഒരാഴ്ച കാലം മഴ മാറിനിന്നാൽ എല്ലാ റോഡുകളും റീടാറിങ് നടത്തുമെന്ന മേയറുടെ പ്രഖ്യാപനം പാഴ് വാക്കായെന്നാണ് പരാതി. റോഡ് ടാറിങ് പ്രവൃത്തികൾക്കായി മാറ്റിവച്ച തുക എവിടെയെന്നും എന്തിന് കൗൺസിൽ അറിയാതെ വക മാറ്റിയെന്നും എൽഡിഎഫ് ഭരണ സമിതി നേതാക്കൾ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. Advertisement ഉപനേതാവ് ഇ വി സുനിൽരാജ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി രവി ജോസ് താണിക്കൽ, സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻമാർ ജയപ്രകാശ് പൂവ്വത്തിങ്കൽ, മുകേഷ് കൂളപറമ്പിൽ, ശ്യാമള മുരളിധരൻ, കൗൺസിലർമാരായ ലീല വർഗീസ്, സിന്ധു ആന്‍റോ, ആൻസി ജേക്കബ്, നിമ്മി റപ്പായി, ശ്രീലാൽ ശ്രീധർ, എൻ എ ഗോപകുമാർ, വിനേഷ് തയ്യിൽ, മേഴ്സി അജി, മേഫി ഡെൽസൺ, റെജി ജോയ്, പൗരസമിതിയംഗങ്ങൾ ജേക്കബ് പുലിക്കോട്ടിൽ, ജോണി മുളക്കൻ, ചാക്കോച്ചൻ ചാണ്ടി, വിജയാനന്ദ്, ബഷീർ അഹമ്മദ് എന്നിവർ പങ്കെടുത്തു.


Previous Post Next Post