ലിസ ജോണിൽ നിന്ന് മാനസിക പീഡനം; കൂടുതൽപ്പേർ രംഗത്ത്



കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ലിസ ജോണിനെതിരെ ആരോപണവുമായി കൂടുതൽപ്പേർ രംഗത്ത്. ലിസ ജോണിൽ നിന്ന് മാനസിക പീഡനം നേരിട്ടുവെന്ന വെളിപ്പെടുത്തലുമായി മെഡിക്കൽ കോളേജിലെ ഫോറൻസിക് മെഡിസിൻ മൂന്നാം വർഷ വിദ്യാർത്ഥി വിനീത് കുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫോറൻസിക് വിഭാഗം മേധാവിയിൽ നിന്നുണ്ടായ മോശം അനുഭവം വിശദീകരിച്ച് പിജി വിദ്യാർത്ഥിനിയായിരുന്ന റാണി ജെ എസ് രംഗത്തെത്തിയിരിക്കുന്നത്.

വളരെ അധികം ആത്മവിശ്വാസത്തോടെയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍ എംഡി ഫോറന്‍സിക് മെഡിസിന് പ്രവേശിച്ചത് എന്ന് പറഞ്ഞുകൊണ്ടാണ് റാണിയുടെ പോസ്റ്റ് തുടങ്ങുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് സ്ഥലം മാറ്റം കിട്ടി വന്ന മാഡം എച്ചഒഡിയായി ചുമതലയേറ്റതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നതെന്ന് റാണി പറയുന്നു.

ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു അറ്റന്‍ഡര്‍ സ്റ്റാഫ് സ്ത്രീകളായ പിജി സ്റ്റുഡന്റ്‌സിനടക്കം ലൈംഗിക ചുവയുള്ള അശ്ലീല മെസേജ് അയച്ചതിനെതിരെ തങ്ങള്‍ എച്ച്ഒഡിക്ക് പരാതി നല്‍കിയുന്നതായി റാണി പറയുന്നു. എന്നാല്‍ എച്ച്ഒഡിയുടെ ഭാഗത്ത് നിന്ന് തങ്ങള്‍ പ്രതീക്ഷിച്ച പ്രതികരണമായിരുന്നില്ല. ആര്‍ക്കാണ് ഇവിടെ പരാതിയുള്ളതെന്ന് ചോദിച്ച് അവര്‍ ആക്രോശിക്കുകയായിരുന്നുവെന്ന് റാണി ചൂണ്ടിക്കാട്ടുന്നു.

പ്രഗ്നൻസി സംബന്ധിച്ച ബുദ്ധിമുട്ടുകൾ കാരണം തനിക്ക് മെഡിക്കൽ ലീവിൽ പ്രവേശിക്കേണ്ടി വന്നിരുന്നുവെന്നും അവിടെയും എച്ച്ഒഡിയുടെ ഇടപെടൽ ഉണ്ടായെന്നും റാണി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. മെഡിക്കൽ ലീവ് കഴിഞ്ഞ് 15 ദിവസത്തിന് ശേഷം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ വെച്ച് തിരികെ ജോയിൻ ചെയ്യാൻ ഉള്ള റിക്വസ്റ്റ് കൊടുത്തിട്ടും വേണ്ടെന്നാരുന്നു എച്ച്ഒഡിയുടെ തീരുമാനമെന്ന് റാണി പറഞ്ഞു. ജോയിൻ ചെയ്യിക്കാം എന്ന് പറഞ്ഞ് ലീവിന് ശേഷമുള്ള ഇ-സഞ്ജീവനി ഡ്യൂട്ടി ഉൾപ്പടെ എടുപ്പികുകയും ചെയ്തു. അതിന് ശേഷവും ജോയിൻ ചെയ്യാൻ പറ്റില്ലെന്നായിരുന്നു മറുപടിയെന്നും അവർ പറഞ്ഞു. നീണ്ടനാളുകൾക്ക് ശേഷം മന്ത്രിയുടെ ഓഫീസിലുൾപ്പെടെ കയറിയിറങ്ങിയതിന് ശേഷമാണ് തിരികെ ജോയിൻ ചെയ്യാനായതെന്നും റാണി പറഞ്ഞു.

”പിന്നീടും മോർച്ചറി ടോർച്ചർ എന്ന സ്ഥിരം പീഡനമുറകൾ ആയിരുന്നു. കാഠിന്യമേറിയ കേസുകൾ മോർച്ചറിയിൽ എനിക്കായ് കാത്തുകിടന്നു. മണിക്കൂറുകൾ എടുത്ത് എല്ലാം ചെയ്തു കൂട്ടി. വെറും 4 ദിവസമേ പിടിച്ചു നിൽക്കാൻ സാധിച്ചുള്ളൂ . പ്രസവവേദനയെ തുടർന്ന് മാസം തികയാതെ ഞാൻ എന്റെ കുഞ്ഞിന് ജന്മം നൽകി”, അവർ കുറിച്ചു. ഹൃദയം തകർന്നിട്ടും പലപ്പോഴും പിടിച്ചു നിന്നത് കുഞ്ഞിന് വേണ്ടി ആണെന്നും റാണി കുറിച്ചു. സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന ക്രിമിനൽ കുറ്റങ്ങളെ കുറിച്ചും ബലാത്സംഗം ഉൾപ്പടെ ഉള്ള ഹീനമായ കുറ്റകൃത്യങ്ങളെ കുറിച്ചും നൈതികതയെ കുറിച്ചും യുവ ഡോക്ടർമാരെയും വിദ്യാർത്ഥികളെയും പഠിപ്പിക്കുന്ന ഒരു വനിതാ അദ്ധ്യാപികയിൽ നിന്നാണ് ഇത്തരം അനുഭവങ്ങൾ തനിക്ക് ഉണ്ടായതെന്നും അവർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമായിരുന്നു ഡോ. ലിസ ജോണിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർത്ഥിയായ വിനീത് കുമാർ രംഗത്തെത്തിയത്. ലിസ ജോണിൽ നിന്ന് തെറിയും അശ്ലീലം കലര്‍ന്ന പരാമര്‍ശങ്ങളും ഉണ്ടായതായി വിനീത് കുമാര്‍ പറഞ്ഞിരുന്നു. തനിക്കെതിരെ നിന്നാല്‍ പീഡനക്കേസില്‍ കുടുക്കുമെന്നും പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നും ലിസ ജോണ്‍ ഭീഷണിപ്പെടുത്തിയെന്നും വിനീത് കുമാര്‍ ആരോപിച്ചു. എല്ലാവരുടെയും മുന്നില്‍ വെച്ച് രണ്ടു തവണ വലത് കൈ ഉയര്‍ത്തി തന്റെ മുഖത്തടിക്കാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് ലിസയ്‌ക്കെതിരെ വിനീത് ഫേസ്ബുക്ക് കുറിപ്പില്‍ ഉന്നയിച്ചത്.

Previous Post Next Post