സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂൾ മുപ്പതാം വാർഷികം ആഘോഷിക്കുന്നു



പാമ്പാടി : ജൂനിയർ ബസേലിയോസ് സ്കൂൾ മുപ്പതാം വാർഷികം ആഘോഷിക്കുന്നു  പാഠ്യ വിഷയങ്ങൾക്കും അപ്പുറം പ്രായോഗിക ജീവിത പരിശീലനം നൽകി വേറിട്ട  വിദ്യാഭ്യാസ രീതിയുമായി സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂൾ 3 പതിറ്റാണ്ട് പിന്നിടുന്നു. ബാങ്ക്, പോസ്റ്റ് ഓഫീസ്, പോലീസ്, കോടതി, റേഷൻ കട  എന്നിവിടങ്ങൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ  കുട്ടികളെ  ബോധ്യപ്പെടുത്തി, അനാഥമന്ദിരങ്ങളും വയോജന കേന്ദ്രങ്ങളും സന്ദർശിച്ച് കുട്ടികളെ മനുഷ്യത്വമുള്ളവരാക്കി, കൃഷിയിടങ്ങൾ സന്ദർശിച്ച് കാർഷികവൃത്തിയുടെ അടിസ്ഥാനപാഠങ്ങൾ പഠിപ്പിച്ച്, മത്സ്യ, മാംസ വിപണന കേന്ദ്രങ്ങൾ സന്ദർശിച്ച് ഇനങ്ങൾ പരിചയപ്പെടുത്തി, ആയോധന പരിശീലന കേന്ദ്രങ്ങൾ സന്ദർശിച്ച് സ്വയരക്ഷയ്ക്കുള്ള മാർഗ്ഗങ്ങൾ പരിശീലിപ്പിച്ച്, ഒഴുക്കുള്ള തോട്ടിൽ നീന്തൽ പരിശീലിപ്പിച്ച്, പച്ചമരുന്ന് കൃഷിയിടങ്ങൾ സന്ദർശിച്ച് ആയുർവേദ മരുന്നുകൾ പരിചയപ്പെടുത്തി വേറിട്ട രീതികളുമായാണ് ജൂനിയർ ബസേലിയോസ് സ്കൂൾ മുന്നേറുന്നത്. തുടർച്ചയായി 100 % വിജയവും. മുപ്പതാം വാർഷികം പ്രമാണിച്ച് സ്കൂളിന്റെ  പ്രവർത്തന പരിധിയിലെ എല്ലാ പഞ്ചായത്തുകളിലെയും തികച്ചും അർഹരായ1522 പേർക്ക്  പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങളിൽ കൂടി  സ്വീകരിച്ചവരെ  വെളിപ്പെടുത്താതെ, ചടങ്ങ് സംഘടിപ്പിക്കാതെ 10,000- 12,000 രൂപയുടെ വീതം വസ്ത്രങ്ങൾ വിതരണം ചെയ്തു. ജനുവരി 11 ശനിയാഴ്ച 3.30 പി. എമ്മിന് അഡ്വ. ചാണ്ടി ഉമ്മൻ എം എൽ എ യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ  വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം അഡ്വ. കെ.ഫ്രാൻസിസ് ജോർജ് എം പി നിർവഹിക്കും. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ. എം രാധാകൃഷ്ണൻ, സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി ഫാദർ കുരുവിള പെരുമാൾ ചാക്കോ, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി. എം പ്രദീപ്, വാർഡ് മെമ്പർ സാബു എം. എബ്രഹാം എന്നിവർ പ്രസംഗിക്കും. തുടർന്ന് കലാപരിപാടികൾ.മാനേജർ അഡ്വ. സിജു കെ. ഐസക്കിന്റെ അധ്യക്ഷതയിൽ 7.30 പി. എമ്മിന്  ചേരുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. മാഗസിൻ പ്രകാശനം എം.ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. റെജി സഖറിയയും, അവാർഡ് ദാനം റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാൻ പി.എച്ച് കുര്യനും, ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷും ചേർന്നു നിർവഹിക്കും. പ്രിൻസിപ്പാൾ ജയശ്രീ കെ. ബി, വൈസ് പ്രിൻസിപ്പാൾ രഞ്ജിനി കെ.ജി, സ്റ്റാഫ് സെക്രട്ടറി ശ്രുതിമോൾ ജോയ്, പി.റ്റി.എ പ്രസിഡന്റ് സൂരജ് വി.സുന്ദരം, ഹെഡ് ബോയ് ഷഹബാസ്. എസ്, ഹെഡ് ഗേൾ ഷാരിൻ റെജി എന്നിവർ പ്രസംഗിക്കും. അഡ്വ. സിജു കെ ഐസക് ചെയർമാനായുള്ള ജൂനിയർ ബസേലിയോസ് ട്രസ്റ്റ് നടത്തുന്ന സ്കൂളിന്റെ അഡ്വൈസറി ബോർഡ് ചെയർമാൻ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി. എച്ച് കുര്യനും, കൺവീനർ ഡോ. ഐസക്ക്‌ പി. എബ്രഹാമുമാണ്. പ്രിൻസിപ്പാൾ ജയശ്രീ കെ. ബി  സംസ്ഥാനത്തെ മികച്ച പ്രിൻസിപ്പലിന് അൺ എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷന്റെ ദേശീയ ഫെഡറേഷൻ ഏർപ്പെടുത്തിയ അവാർഡ് ജേതാവാണ്.എൻ. ഐ. ഒ. എസ് പരീക്ഷാ കേന്ദ്രവും തുടർച്ചയായി നീറ്റ് പരീക്ഷാ കേന്ദ്രവുമാണ് സ്കൂൾ. കഴിഞ്ഞ നീറ്റ് പരീക്ഷയിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടിയ വിജയശതമാനം നേടിയത് ജൂനിയർ ബസേലിയോ സ്കൂളിൽ എഴുതിയ വിദ്യാർത്ഥികൾ ആയിരുന്നു എന്നത് ഇംഗ്ലീഷ് ദിനപത്രങ്ങളിൽ അടക്കം തലക്കെട്ടായി  ദേശീയ ശ്രദ്ധ നേടിയിരുന്നു.
Previous Post Next Post