മതിലിന്റെ സ്ലാബിലേക്ക് തല ചേർത്ത് അടിച്ചും നിലത്ത് വലിച്ചിട്ട് ചവിട്ടിയും ആക്രമണം…പത്താം ക്ലാസുകാരനെ പ്ലസ് ടു വിദ്യാർത്ഥികൾ ആക്രമിച്ചത് ഇങ്ങനെ



പള്ളിക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസുകാരനെ പ്ലസ് ടു വിദ്യാർത്ഥികൾ ആക്രമിച്ചു. കഴുത്തിനും കാലിനുമടക്കം ഗുരുതര പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേള സമയത്തായിരുന്നു സംഭവം. ഭക്ഷണം കഴിച്ചശേഷം ബാത്റൂമിന് സമീപത്തേക്ക് പോയ പത്താംക്ലാസ് വിദ്യാർത്ഥിയെ പിന്തുടർന്നെത്തിയ പ്ലസ് ടു വിദ്യാർത്ഥികൾ സംഘംചേർന്ന് മർദ്ദിക്കുകയായിരുന്നു.

പെട്ടെന്നുണ്ടായ ആക്രമണത്തിൽ വിദ്യാർഥിയുടെ കഴുത്തിനും കാലിനും എല്ലുകൾക്ക് പൊട്ടലുണ്ട്. മതിലിന്റെ സ്ലാബിലേക്ക് വിദ്യാർഥിയുടെ തല ചേർത്ത് അടിച്ചതായും നിലത്ത് വലിച്ചിട്ട് ചവിട്ടിയതോടെ നടുവിനും പരിക്കുണ്ടായതായും വിദ്യാർത്ഥി പറഞ്ഞു. ആദ്യം കുട്ടിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

രക്ഷിതാക്കളുടെ പരാതിയിൽ പള്ളിക്കൽ പൊലീസ് പ്ലസ് ടു വിദ്യാർത്ഥികളായ ഏഴ് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കുട്ടികളിൽ നിന്നും സ്കൂൾ അധികൃതരിൽ നിന്നും മൊഴിയെടുത്ത ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് പള്ളിക്കൽ പൊലീസ് അറിയിച്ചു.


Previous Post Next Post