സ്കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു. തിരുവനന്തപുരം പൂവച്ചൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അസ്‍ലമിനാണ് കുത്തേറ്റത്. ശ്വാസകോശം തുളച്ചുള്ള കുത്തേറ്റ അസ്‍ലമിന്റെ നില ഗുരുതരമാണ്. വിദ്യാർഥി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതേ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികളായ നാല് പേർ ചേർന്നാണ് അസ്‍ലമിനെ ആക്രമിച്ചത്. പൂവച്ചൽ ബാങ്ക് നട ജങ്ഷനിലൂടെ നടന്നു പോകുകയായിരുന്ന അസ്‍ലമിനെ പിന്നിലൂടെ വന്നാണ് പ്ലസ് വൺ വിദ്യാർഥികൾ ആക്രമിച്ചത്. പിന്നിലൂടെ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു.
ഒരു മാസം മുൻപ് സ്കൂളിലെ പ്ലസ് വൺ- പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. അന്ന് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പ്രിൻസിപ്പലിനും പിടിഎ പ്രസിഡന്റിനും പരിക്കേറ്റു. ഈ സംഘർഷത്തിന്റെ ബാക്കിയാണ് ഇപ്പോഴത്തെ സംഭവമെന്നു പൊലീസ് പറയുന്നു.