ചരിത്രത്തിലെ ഏറ്റവും ഭീകരനെന്ന് കരുതുന്ന അയോവൻ കൊടുങ്കാറ്റിനെ നേരിടാനൊരുങ്ങി അയർലണ്ട്, വൈദ്യുതി ഉൾപ്പെടെ മുടങ്ങും ! കരുതലോടെ രാജ്യം ,ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം ,,വിശദമായി അറിയാം



ഡബ്ലിൻ : ചരിത്രത്തിലെ ഏറ്റവും ഭീകരനെന്ന് കരുതുന്ന അയോവൻ കൊടുങ്കാറ്റിനെ നേരിടാനൊരുങ്ങുകയാണ് അയർലണ്ട്. രാജ്യം കണ്ടിട്ടുള്ളതിൽ അതിശക്തമായ കൊടുങ്കാറ്റുകളിൽ ഒന്നായിരിക്കാം ഇതെന്ന് നാഷണൽ എമർജൻസി കോ-ഓർഡിനേഷൻ ഗ്രൂപ്പ് ചെയർമാൻ കീത്ത് ലിയോനാർഡ് മുന്നറിയിപ്പ് നൽകി.
അതേ സമയം അയർലൻഡിലെ മലയാളി സമൂഹവും ആശങ്കയിലാണ് 
ജീവന് പോലും അപകടം വരുത്തിടയുള്ള വിധത്തിൽ അതിഭീകരമായി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പാണ് മെറ്റ് ഏറാൻ നൽകിയിട്ടുള്ളത്.ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തിൻ്റെ മുന്നറിയിപ്പ് വന്നത്.

2017ൽ ഒഫീലിയ കൊടുങ്കാറ്റ് 3,85,000 ഉപക്ഷോക്താക്കൾക്ക് വൈദ്യുതി വിതരണം മുടക്കിയിരുന്നു. അയോവൻ ഇതിലും കൂടുതൽ നാശമുണ്ടാക്കിയേക്കാമെന്നാണ് കരുതുന്നത്. തീരപ്രദേശങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിലും മറ്റും തിരമാലകൾ കരയിലേക്ക് ഇരച്ചു കയറാനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.ഐറിഷ് കോസ്റ്റ് ഗാർഡിൻ്റെ സ്റ്റേ ബാക്ക്, സ്റ്റേ ഹൈ,സ്റ്റേ ഡ്രൈ എന്ന അഭ്യർത്ഥന പൂർണ്ണമായും പാലിക്കണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

അപകടകരമായ യാത്രകൾ, സുരക്ഷിതമല്ലാത്ത ജോലി സാഹചര്യങ്ങൾ.ആശയവിനിമയ തടസ്സങ്ങൾ എന്നിവയാണ് കൊടുങ്കാറ്റിൽ പ്രതീക്ഷിക്കേണ്ടതെന്ന് മെറ്റ് ഏറാൻ വ്യക്തമാക്കി. അയോവൻ കൊടുങ്കാറ്റ് അതിശക്തമാകാൻ സാധ്യതയുള്ളതിനാലാണ് സ്റ്റാറ്റസ് റെഡ് അലേർട്ട് നൽകിയതെന്ന് മെറ്റ് ഏറാൻ പറഞ്ഞു,


ജാഗ്രത എവിടെയും ...

ഇന്ന് അർദ്ധരാത്രി മുതൽ വെള്ളിയാഴ്‌ച വൈകുന്നേരം 6 മണി വരെ രാജ്യത്ത് എവിടെയാണെങ്കിലും കൊടുങ്കാറ്റിനെതിരെ കരുതിയിരിക്കണമെന്ന് മെറ്റ് ഏറാൻ പറഞ്ഞു.വെള്ളിയാഴ്‌ച വീട്ടിൽത്തന്നെ കഴിയാൻ ശ്രമിക്കണം.യാത്രകൾ മാറ്റിവെക്കണം. എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ച് വീട്ടിൽത്തന്നെ തുടരുന്നതാണ് നല്ലത്.കൊടുങ്കാറ്റ് മാറുന്നതുവരെ അനാവശ്യ യാത്രകൾ നടത്തരുതെന്നും മെറ്റ് ഏറാൻ വിശദീകരിച്ചു.

വെള്ളിയാഴ്‌ച നിർണ്ണായകം

വെള്ളിയാഴ്‌ച പുലർച്ചെ 2 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് കൊടുങ്കാറ്റിന് സാധുതയുള്ളത്.മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വിശാനിടയുണ്ടെന്നും മെറ്റ് ഏറാൻ മുന്നറിയിപ്പ് നൽകി.ചിലപ്പോൾ ഇതിലും വേഗത കൈവരിച്ചേക്കാം.ഇന്ന് രാത്രി 9 മണി മുതൽ വെള്ളിയാഴ്‌ച പുലർച്ചെ മൂന്നു മണി വരെ കോർക്ക്, കെറി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ യെല്ലോ മഴയെ മുൻനിർത്തി യെല്ലോ അലേർട്ടും നൽകിയിട്ടുണ്ട്.

കാർലോ, കിൽകെന്നി, വെക്‌്ഫോർഡ്, കോർക്ക്, കെറി, ലിമെറിക്ക്, വാട്ടർഫോർഡ് എന്നിവിടങ്ങളിലാണ് റെഡ് അലേർട്ട് നൽകിയത്. വെള്ളിയാഴ്‌ച പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണി വരെ ഇത് പ്രാബല്യത്തിലുണ്ടാകും.

ക്ലെയർ, ഗോൾവേ ലൈട്രിം, മയോ, സ്ലൈഗോ കൗണ്ടികളിലും പുലർച്ചെ മൂന്നുമണി മുതൽ വെള്ളിയാഴ്‌ച 10 മണി വരെയും റെഡ് അലേർട്ടുണ്ടാകും. കാവൻ, മോണഗൻ, ഡബ്ലിൻ കിൽഡെയർ പോർട്ട് ലീഷ്, ലോങ്‌ഫോർഡ്, ലൂത്ത്, മിത്ത്, ഓഫലി, വെസ്റ്റ്മിത്ത്, വിക്ലോ, റോസ്കോമൺ, ടിപ്പററി എന്നിവിടങ്ങളിലും രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 മണി വരെ റെഡ് വെതർ മുന്നറിയിപ്പുണ്ട്. രാവിലെ ആറു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ ഡോണഗലിലും റെഡ് വെതർ മുന്നറിയിപ്പ് ബാധകമാണ്..


അതിദുഷ്‌കരമായ സാഹചര്യമുണ്ടാകും

രാജ്യത്ത് അതിദുഷ്‌കരമായ സാഹചര്യമുണ്ടാക്കുമെന്ന് നാഷണൽ എമർജൻസി കോ-ഓർഡിനേഷൻ ഗ്രൂപ്പ് അറിയിച്ചു. ഗുരുതരമായ ഗതാഗത-വൈദ്യുതി തടസ്സങ്ങളും പ്രതീക്ഷിക്കാം.മരങ്ങളും മറ്റും കൂട്ടത്തോടെ നിലംപൊത്താനിടയുണ്ട്. കൊടുങ്കാറ്റിന് ശേഷവും റോഡിൽ വളരെ ജാഗ്രത പാലിക്കണമെന്ന് ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു.സ്‌കൂളുകൾ അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.കഴിയുന്നതും പുറത്തിറങ്ങാതെ കഴിയുന്നതാകും നല്ലതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

വീട്ടിൽത്തന്നെ കഴിയുക,കടും ചുവപ്പിൽ അയർലണ്ട്

വർക്ക് ഫ്രം ഹോം പ്രയോജനപ്പെടുത്തണമെന്നും ഇദ്ദേഹം ഉപദേശിക്കുന്നു.മുന്നറിയിപ്പ് നിലവിൽ വരുന്നതിന് മുമ്പ് തന്നെ ജോലിക്ക് എത്തുന്നവർ റെഡ് അലേർട്ട് സമയം കഴിയുന്നതു വരെ അവിടെ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

കൊടുങ്കാറ്റിന് ശേഷമുള്ള ശുചീകരണത്തിനും തടസ്സങ്ങൾ നീക്കുന്നതിനും ഏറെ സമയം വേണ്ടി വരുമെന്ന് ഇദ്ദേഹം പറഞ്ഞു.ലോക്കൽ അതോറിറ്റികൾ. ഇ.എസ്.ബി. സിവിൽ ഡിഫൻസ് എന്നിവ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.അയോവൻ കൊടുങ്കാറ്റ് വളരെ അപകടകരവും വിനാശകാരിയുമായിരിക്കുമെന്ന് ജീവനും സ്വത്തിനും നാശമുണ്ടാക്കിയേക്കാമെന്നും ഇദ്ദേഹം പറഞ്ഞു.മുന്നറിയിപ്പ് വേളയിൽ തീരപ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.ഉയർന്ന പ്രദേശങ്ങളിൽ തുടരുന്നതാകും നല്ലത്.

നോർത്തേൺ അയർലണ്ടിലും ജാഗ്രതാ നിർദ്ദേശം

അയോവൻ കൊടുങ്കാറ്റ് പരിഗണിച്ച് യു കെ മെറ്റ് ഓഫീസ് നോർത്തേൺ അയർലണ്ടിൽ ആംബർ വിൻ്റ് അലേർട്ട് പുറപ്പെടുവിച്ചു.വെള്ളിയാഴ്‌ച അർദ്ധരാത്രി മുതൽ ശനിയാഴ്‌ച അർദ്ധരാത്രി വരെ നീളുന്ന ശക്തമായ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. നോർത്തേൺ അയർലണ്ടിൽ ശനിയാഴ്‌ച അർദ്ധരാത്രി വരെ യെല്ലോ വിൻ്റ് അലേർട്ടും നൽകിയിട്ടുണ്ട്.കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും വൈദ്യുതി ലൈനുകൾ താഴേയ്ക്ക് വീഴാനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് പറഞ്ഞു.

സീസണിലെ അഞ്ചാമത്തെ കൊടുങ്കാറ്റ്

2024/25 സീസണിലെ അഞ്ചാമത്തെ കൊടുങ്കാറ്റാണ് അയോവൻ.2015 മുതൽ, മെറ്റ് ഏറാനും യു കെ മെറ്റ് ഓഫീസും ഒരുമിച്ചാണ് കൊടുങ്കാറ്റിന് പേരിടുന്നത്. 2019ൽ നെതർലൻഡ്‌സിൻ്റെ കെ എൻ എം ഐയും ഇവരോടൊപ്പമുണ്ട്. ജനുവരിയിൽ സാധാരണയായി പേരുള്ള കൊടുങ്കാറ്റുകൾ ഉണ്ടാകാറില്ല.എന്നിരുന്നാലും കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കിടെ ജനുവരി മാസങ്ങളിൽ ആറ് കൊടുങ്കാറ്റുകൾക്ക് പേരിട്ടു. കഴിഞ്ഞ വർഷം ജനുവരിയിൽ ഹെങ്ക്, ഇഷ, ജോസെലിൻ എന്നിങ്ങനെ മൂന്ന് കൊടുങ്കാറ്റുകളുമുണ്ടായി.
Previous Post Next Post