യാത്ര രേഖകളില്ലാതെ നിന്ന ഇതര സംസ്ഥാനക്കാരനെ ചോദ്യം ചെയ്തു ; എന്നാൽ തെളിഞ്ഞത് മോഷ്ണകുറ്റം



കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ യാത്രാ രേഖകളില്ലാതെ നിന്ന ഇതര സംസ്ഥാനക്കാരനെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് മോഷ്ണകുറ്റം. നിസാമുദ്ദീൻ എക്സ്പ്രസിലെ യാത്രക്കാരന്‍റെ ഐ ഫോൺ മോഷ്ടിച്ച കേസിലെ പ്രതിയാണ് റെയിൽവേ പൊലീസിന്‍റെ പിടിയിലായത്. ബംഗാളിലെ മുർഷിതാബാദ് സ്വദേശിയായ പ്രതി എസ്കെ മഹർ അലിയെ റിമാന്‍റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയിൽ പ്ലാറ്റ്ഫോമിൽ റെയിൽവേ പൊലീസ് നടത്തിയ പെട്രോളിങ്ങിനിടയിലാണ് ഫോൺ മോഷണത്തിന്‍റെ ചുരുളഴിഞ്ഞത്. റെയിൽവേ പൊലീസ് എസ്ഐ റെജി ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നതിനിടയിലാണ് എസ് കെ മഹർ അലി രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിൽക്കുന്നത് കണ്ടത്. ഇയാളുടെ കൈയ്യിൽ യാത്ര ടിക്കറ്റോ പ്ലാറ്റ്ഫോം ടിക്കറ്റോ ഉണ്ടായിരുന്നില്ല. സംശയം തോന്നിയ പൊലീസ് സംഘം മഹർ അലിയോട് ചില വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇതിനിടെയിലാണ് ഇയാളുടെ കൈയ്യിൽ വിലകൂടിയ ഐ ഫോൺ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ഫോണിന്‍റെ സ്ക്രീൻ ലോക്ക് അഴിക്കാൻ പൊലീസ് പറഞ്ഞതോടെ മഹർഅലി കുടുങ്ങി. പല വട്ടം ശ്രമിച്ചിട്ടും ലോക്ക് അഴിക്കാൻ കഴിയതെ വന്നതോടെ പൊലീസ് മഹർ അലിയെ കൂടുതൽ ചോദ്യം ചെയ്തു. ഒടുവിൽ ഫോൺ മോഷ്ടിച്ചതാണെന്ന് പ്രതി സമ്മതിക്കുകയായിരുന്നു.
Previous Post Next Post