ബോബി ചെമ്മണ്ണൂരിനെതിരായ കേസിൽ പ്രത്യേക അന്വേഷണസംഘം…കമൻ്റിട്ടവർക്കെതിരേയും പരാതി നൽകാൻ ഹണി റോസ്…



കൊച്ചി: നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ രജിസ്റ്റര്‍ ചെയ്യ്ത കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കും. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന 10 പേരുടെ അന്വേഷണസംഘം രൂപീകരിച്ചു. ബോബി ചെമ്മണ്ണൂര്‍ ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും.

ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത സൈബർ അധിക്ഷേപ കേസിൽ ഫെയ്സ്ബുക്കിൽ നിന്ന് കൊച്ചി പൊലീസ് വിവരങ്ങൾ തേടി. ഈ പരാതിയിൽ മൊഴി നൽകിയ ഹണി റോസ് ഇൻസ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്ക്രീൻഷോട്ട് സഹിതം പൊലീസിന് കൈമാറി. അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സത്രീത്വത്തെ അപമാനിച്ചെന്ന് കാട്ടി പൊലീസ് കേസെടുത്തു. ഐടി ആക്ടും ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുണ്ട്. ബോബി ചെമ്മണ്ണൂർ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ എന്നും താൻ ഭാരത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു എന്നും പരാതി നൽകിയതിന് ശേഷം ഹണി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.
Previous Post Next Post