ഗോപൻ സ്വാമിയുടെ സമാധി വിവാദം: നിർണായക ചോദ‍്യങ്ങൾ ഉ‍യർത്തി ഹൈക്കോടതി

 

കൊച്ചി: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ നിർണായക ചോദ‍്യങ്ങൾ ഉയർത്തി ഹൈക്കോടതി. മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് കോടതി ചോദിച്ചു. മരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വാഭാവിക മരണമായി കണക്കാക്കേണ്ടി വരുമെന്നും, സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. ഗോപൻ സ്വാമിയുടെ ഭാര‍്യ സുലോചനയാണ് കല്ലറ പൊളിക്കണമെന്ന ആർഡിഒ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ‍്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി അടുത്താഴ്ച വീണ്ടും പരിഗണിക്കും.

നിലവിൽ നടക്കുന്നത് സ്വാഭാവിക നടപടിക്രമമാണെന്ന് പറഞ്ഞ കോടതി ഹർജി ഫയലിൽ സ്വീകരിച്ചു. അന്വേഷണം നീട്ടിക്കൊണ്ട് പോകാനോ നിർത്തിവയ്ക്കാനോ ആവില്ലെന്നും കോടതി വ്യക്തമാക്കി. നിലവിൽ അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര‍്യമില്ലെന്നും കോടതി.

ഹർജിയിൽ മറുപടി നൽകാൻ സർക്കാരിന് നോട്ടീസ് നൽകിയിട്ടുണ്ട്. ആർഡിഒയുടെ ഉത്തരവ് നിയമപരമല്ലെന്നായിരുന്നു ഹർജിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍റെ വാദം. എന്നാൽ, എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് കോടതി ചോദിച്ചു. ഒരാളുടെ മരണത്തിൽ സംശയമുണ്ടെങ്കിൽ പൊലീസിന് അന്വേഷിക്കാനുള്ള അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു.
Previous Post Next Post