ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലി തർക്കം; ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്...



ഇടുക്കിയിലെ കുമളി ബസ് സ്റ്റാൻഡിൽ കത്തിക്കുത്ത്. കുത്തേറ്റ ചെങ്കര സ്വദേശി സുനിലിനെ തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചെങ്കര സ്വദേശിയും തമിഴ്നാട് കമ്പത്ത് താമസക്കാരനുമായ മഹേശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെയാണ് കുമളി ബസ് സ്റ്റാൻഡിൽ വച്ച് ചെങ്കര സ്വദേശി പുതുക്കാട്ടിൽ സുനിലിനെ ചെങ്കര സ്വദേശിയായ മഹേശ്വരൻ കുത്തി പരിക്കേൽപ്പിച്ചത്. കഴുത്തിനും നെഞ്ചിനും കൈക്കും സുനിലിന് പരുക്കേറ്റിട്ടുണ്ട്. മഹേശ്വരനും ഭാര്യയും കുറച്ച് നാളായി പിരിഞ്ഞ് കഴിയുകയാണ്. മഹേശ്വരൻ്റെ ഭാര്യയും ഓട്ടോ ഡ്രൈവറായ സുനിലും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇതേച്ചൊല്ലി മുൻപും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിട്ടുണ്ട്. വെള്ളിയാഴ്ച പ്രശ്നം പറഞ്ഞ് തീർക്കാൻ രണ്ട് പേരും കുമളിയിലെത്തി. വാക്കേറ്റം കയ്യാങ്കളിയിലെത്തിയതോടെ കയ്യിൽ കരുതിയിരുന്ന കത്തി വച്ച് മഹേശ്വരൻ സുനിലിനെ കുത്തുകയായിരുന്നു.
Previous Post Next Post