കുര്‍ബാന തര്‍ക്കം; എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് സംഘര്‍ഷം, പ്രതിഷേധിച്ച വൈദികരെ പുറത്താക്കി




കൊച്ചി: സിറോ മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് സംഘര്‍ഷം. ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധിച്ച വൈദികരെ പൊലീസ് നീക്കിയതാണ് സംഘര്‍ഷത്തിന് കാരണം. വൈദികരെ അനുകൂലിക്കുന്ന വിശ്വാസികളും പൊലീസുമായാണ് തര്‍ക്കമുണ്ടായത്. കുര്‍ബാന വിഷയത്തില്‍ നാല് വൈദികര്‍ക്കെതിരെ നടപടിയെടുത്തതിലാണ് 21 വൈദികര്‍ ബിഷപ്പ് ഹൗസിനുള്ളില്‍ പ്രതിഷേധിച്ചത്.

മൂന്ന് ദിവസമായി വൈദികര്‍ സത്യഗ്രഹം നടത്തിവരികയാണ്. ശനിയാഴ്ച രാവിലെ പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. ഇതാണ് സംഘര്‍ഷം ഉടലെടുക്കാന്‍ കാരണം. സര്‍ക്കാര്‍ തീരുമാനമാണ് നടപ്പാക്കുന്നതെന്ന് എസിപി പറഞ്ഞുവെന്നാണ് വിശ്വാസികളുടെ ആരോപണം.

അറസ്റ്റിന്റെ രേഖകള്‍ ഒന്നും പൊലീസ് കാണിച്ചില്ലെന്നും വിശ്വാസികള്‍ പറയുന്നു. ഉള്ളില്‍ തന്നെ തുടരുമെന്നും പുറത്തേയ്ക്ക് പോകില്ലെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. സംഘര്‍ഷത്തില്‍ ഒരു വൈദികന് പരിക്കേറ്റിരുന്നു. പ്രതിഷേധക്കാരുമായി സമവായ ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.


Previous Post Next Post