വാട്ടർ കണക്ഷൻ പുനസ്ഥാപിക്കുന്നതിന് കൈക്കൂലി വാങ്ങി; വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ



വാട്ടർ കണക്ഷൻ പുനസ്ഥാപിക്കുന്നതിന് കൈക്കൂലി വാങ്ങിയ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. എറണാകുളം ജില്ലയിലെ തോപ്പുംപടി വാട്ടർ അതോറിറ്റിയിലെ പ്ലംബറായ ഷാജിമോൻ പിയെ 7,000 രൂപ കൈകൂലി വാങ്ങവെ  എറണാകുളം വിജിലൻസാണ് അറസ്റ്റ് ചെയ്തത്. എറണാകുളം ജില്ലയിലെ പള്ളുരുത്തി സ്വദേശിനിയായ പരാതിക്കാരിയുടെ ഒരു വർഷം മുമ്പ് വെള്ളക്കരം അടക്കാത്തതിനാൽ വിച്ഛേദിച്ചിരുന്ന വാട്ടർ കണക്ഷൻ, കുടിശ്ശിക അടച്ചിട്ടും പുനസ്ഥാപിച്ചിട്ടില്ലായിരുന്നു. 

തുടർന്ന് പരാതിക്കാരി ഇന്നലെ പ്ലംബറെ ഫോണിൽ വിളിച്ചപ്പോൾ 7,000 രൂപ കൈക്കൂലി നൽകിയാൽ മാത്രമേ വാട്ടർ കണക്ഷൻ പുനസ്ഥാപിക്കുകയുള്ളൂവെന്ന് പറഞ്ഞു. പരാതിക്കാരി ഈ വിവരം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചു. അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരികയായിരുന്നു. തുടര്‍ന്ന് വൈകുന്നേരം 04:50 മണിക്ക് തോപ്പുംപടി കുരിശ് പള്ളിക്ക് മുന്നിൽ വച്ച് പരാതിക്കാരനിൽ നിന്നും 7,000 രൂപ കൈക്കൂലി വാങ്ങവേ തോപ്പുംപടി വാട്ടർ അതോറിറ്റിയിലെ പ്ലംബറായ ഷാജിമോൻ പിയെ വിജിലൻസ് സംഘം കയ്യോടെ പിടികൂടി.

അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്‍റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ഐ.പി.എസ് അഭ്യർത്ഥിച്ചു.

Previous Post Next Post