കണക്ഷന്‍ വിഛേദിച്ചത് തിരക്കാന്‍ ജല അതോറിറ്റി ഓഫീസിലെത്തിയ ഗൃഹനാഥനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മേല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജല അതോറിറ്റി ചീഫ് എഞ്ചിനീയര്‍ മനുഷ്യാവകാശ കമ്മീഷനോട് അഭ്യര്‍ത്ഥിച്ച സാഹചര്യത്തില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ റാങ്കില്‍ കുറയാത്ത പോലീസുദ്യോഗസ്ഥന്‍ അന്വേഷണം നടത്തണമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.
സംഭവത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണം നടത്തി സത്യം കണ്ടെത്താന്‍ പരാതി പോലീസ് വിജിലന്‍സിന് കൈമാറണമെന്നും പോങ്ങുംമൂട് സെക്ഷന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുമെന്നും ജല അതോറിറ്റി ചീഫ് എഞ്ചിനീയര്‍ക്ക് വേണ്ടി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് നടപടി. സെക്ഷനിലെ ചില ഉദ്യോഗസ്ഥര്‍ ഓഫീസ് മേധാവിക്ക് സമ്മര്‍ദ്ദമേല്‍പ്പിക്കുകയാണെന്നും ഇവരെ സ്ഥലംമാറ്റണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യോഗസ്ഥരുടെ മര്‍ദ്ദനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റ സംഭവം അന്വേഷിക്കേണ്ടത് പോലീസാണെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവില്‍ പറഞ്ഞു. അസിസ്റ്റന്റ് പോലീസ് കമ്മീഷണറെ നിയോഗിക്കാന്‍ ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തിലെ ഇരയുടെയും ആരോപണ വിധേയരായ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും സാക്ഷികളുടെയും മൊഴിയെടുക്കണം. സി.സി.റ്റി.വി. ദ്യശ്യങ്ങള്‍ പരിശോധിക്കണം.എ.സി.പി. നടത്തുന്ന അന്വേഷണത്തില്‍ കുറ്റകൃത്യം നടന്നതായി കണ്ടെത്തുകയാണെങ്കില്‍ അക്കാര്യം കമ്മീഷനെ അറിയിക്കണം. ആരൊക്കെയാണ് ഉത്തരവാദികളെന്നും അവരുടെ പേരും ഔദ്യോഗിക മേല്‍വിലാസവും കണ്ടെത്തണം. എ.സി.പി തന്റെ അന്വേഷണ റിപ്പോര്‍ട്ട് മൂന്നാഴ്ചക്കുള്ളില്‍ ജില്ലാ പോലീസ് മേധാവിക്ക് സമര്‍പ്പിക്കണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുന്നത് ജില്ലാപോലീസ് മേധാവി പരിശോധിച്ച് കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണം. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളും എ, സി.പിയുടെ റിപ്പോര്‍ട്ടും മാര്‍ച്ച് 3നകം ജില്ലാ പോലീസ് മേധാവി കമ്മീഷനില്‍ സമര്‍പ്പിക്കണം. മാര്‍ച്ച് 10ന് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ ജില്ലാ പോലീസ് മേധാവിയോ മുതിര്‍ന്ന ഉദ്യോഗസ്ഥനോ ഹാജരാകണം. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ വര്‍ഷം നവംബര്‍ 28ന് ജല അതോറിറ്റി പോങ്ങുംമൂട് സെക്ഷന്‍ ക്യാഷ് കൗണ്ടറിന്റെ പരിസരത്താണ് സംഭവമുണ്ടായത്.