വൈക്കം : താലൂക്ക് ആശുപത്രിയിൽ വീണ് തലയ്ക്ക് പരിക്കേറ്റെത്തിയ 11 കാരന് മൊബൈൽ ടോർച്ച് വെളിച്ചത്തിൽ സ്റ്റിച്ചിട്ട സംഭവത്തിൽ കുട്ടിയുടെ തലയിലെ മുറിവ് ഡ്രസ് ചെയ്ത നഴ്സിംഗ് അസിസ്റ്റൻ്റിന് സസ്പെൻഷൻ. നഴ്സിംഗ് അസിസ്റ്റൻ്റ് വി.സി.ജയനെയാണ് ഡെപ്യൂട്ടി ഡി എം എ യുടെ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.
മൊബൈൽ വെളിച്ചത്തിൽ കുട്ടിയുടെ മുറിവ് ഡ്രസ് ചെയ്തു കൊണ്ടിരുന്നപ്പോൾ കുട്ടിയുടെ രക്ഷിതാക്കൾ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നില്ലേയെന്ന് ചോദിച്ചപ്പോൾ നാട്ടുകാരായതിനാൽ ഡീസലിനൊക്കെ വലിയ വിലയായതുകൊണ്ടാകും
പ്രവർത്തിപ്പിക്കാത്തതെന്ന് ജയൻ കളിയായി പറഞ്ഞതിൻ്റെ വീഡിയോ രക്ഷിതാക്കൾ പുറത്തുവിട്ടിരുന്നു.
ആശുപത്രിയിലെ വൈദ്യുതി തകരാറു പരിഹരിക്കാൻ അറ്റകുറ്റപണി നടത്തുന്നതിനായി വൈദ്യുതി വിച്ഛേദിച്ചിരിക്കുകയായിരുന്നു. പരിക്കേറ്റെത്തിയ കുട്ടിയുടെ മുറിവ് വെളിച്ചക്കുറവിനിടയിലും ഡ്രസുചെയ്ത ജീവനക്കാരനെ അഭിനന്ദിക്കേണ്ടതിനു പകരം ആശുപത്രിക്ക് അപകീർത്തി ഉണ്ടായെന്ന് ആരോപിച്ച് ജീവനക്കാരനെ ബലിയാടാക്കിയത് നീതികരിക്കാനാവില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.