മാണ്ഡ്യ: പതിനഞ്ചുകാരന്‍റെ കൈയിലിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി നാലു വയസുകാരൻ മരിച്ചു. കർണാടകയിലെ നാഗമങ്കല താലൂക്കിലാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികളുടെ മകൻ അഭിജീത് ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. കോഴിവളർത്തു ഫാമിലെ തൊഴിലാളികളാണ് അഭിജീത്തിന്‍റെ മാതാപിതാക്കൾ. ഫാമിനടുത്തുള്ള ചെറിയ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. മറ്റൊരു കോഴിവളർത്തു കേന്ദ്രത്തിലെ തൊഴിലാളികളുടെ മകനായ 15കാരൻ ഞായറാഴ്ച ഇവരുടെ വീട്ടിലെത്തിയിരുന്നു.
അഭിജീത്തിന്‍റെ വീട്ടിലെ ചുവരിൽ തൂക്കിയിരുന്ന തോക്ക് കണ്ട പതിനഞ്ചുകാരൻ അതെടുത്ത് കളിക്കാൻ തുടങ്ങി. ഇരുവരും കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടുകയായിരുന്നു. നാലു വയസുകാരന്‍റെ വയറ്റിലും കുട്ടിയുടെ അമ്മയുടെ കാലിലും വെടിയേറ്റു.
ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. അഭിജീത്തിന്‍റെ അമ്മ ചികിത്സയിലാണ്. കോഴിവളർത്തു ഫാമിന്‍റെ ഉടമയ്ക്കെതിരേ അപകടകരമാം വിധത്തിൽ ആയുധം കൈവശം വച്ചതുമായി ബന്ധപ്പെട്ട കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്