അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ ടെലഗ്രാമിലൂടെ വില്‍പന നടത്തിയ വിദ്യാർത്ഥി അറസ്റ്റില്‍. തിക്കോടി സ്വദേശി ആദിത്യദേവ് (18)ആണ് അറസ്റ്റിലായത്. സ്വന്തം ടെലിഗ്രാം ചാനലിലൂടെ 39 രൂപയ്‌ക്കാണ് ഒരു ചിത്രം ഇയാള്‍ വിറ്റത്. എന്നാല്‍ അതീവ ഗൗരവ സ്വഭാവമുള്ള കുറ്റകൃത്യമായിട്ടും സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി പൊലീസ് പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.
കോഴിക്കോട്ടെ പഠന കേന്ദ്രത്തിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശരീര ഭാഗങ്ങളുടെ ചിത്രങ്ങളാണ് ഓണ്‍ലൈനില്‍ വില്പന നടത്തിയത്. വിദ്യാർത്ഥിനികള്‍ അറിയാതെ ക്ലാസ് റൂമില്‍ നിന്ന് വിവിധ ആങ്കിളുകളിലാണ് ചിത്രം പകർത്തിയിരിക്കുന്നത്. താഴേ നിന്നും വശങ്ങളില്‍ നിന്നും എടുത്ത ചിത്രങ്ങളുമുണ്ട്. മിക്ക ഫോട്ടോകളിലും മുഖം അടക്കം പ്രദർശിപ്പിച്ചിട്ടുണ്ട്.
പണം കൊടുത്ത് ഫോട്ടോ വാങ്ങിയാല്‍ ഇത് ഡൗണ്‍ലോഡ് ചെയ്ത് മറ്റിടങ്ങളിലേക്ക് ഷെയർ ചെയ്യാൻ സാധിക്കും. ഇത്തരത്തില്‍ ചിത്രങ്ങള്‍ ഇൻസ്റ്റാഗ്രാമിലെ അശ്ലീല പേജില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. ആദ്യഘട്ടത്തില്‍ വിദ്യാർത്ഥിനികള്‍ നല്‍കിയ പരാതി മാനേജ്മെന്റ് ഗൗരവത്തില്‍ എടുത്തില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. വിദ്യാർത്ഥിനികള്‍ കൂട്ടത്തോടെ പരാതി ഉന്നയിച്ചതോടെയാണ് വിവരം പൊലീസിനെ അറിയിച്ചത്. ഇത്ര വ്യാപ്തിയുള്ള കുറ്റമായിട്ടും അർഹിക്കുന്ന ഗൗരവത്തോടെ പൊലീസ് കൈകാര്യം ചെയ്യാത്തതില്‍ വിദ്യാർത്ഥിനികള്‍ അമർഷത്തിലാണ്