ജനദ്രോഹ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കും ഭൂനികുതി വര്‍ധനവിനുമെതിരെ കോണ്‍ഗ്രസ് വില്ലേജ് ഓഫീസ് ധര്‍ണ്ണ 19ന്



തിരുവനന്തപുരം : സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും ഭൂനികുതി അമ്പത് ശതമാനം വര്‍ധിപ്പിച്ചതിനും എതിരെ ഫ്രെബ്രുവരി 19 ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി വില്ലേജ് ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു. 

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളെ പിഴിയുകയാണ്. ഭൂനികുതി വര്‍ധിപ്പിച്ച് 100 കോടിയുടെ അധികവരുമാനം കണ്ടെത്തുകയാണ് സര്‍ക്കാര്‍. അതിന്റെ ദുരിതം പേറുന്നത് സാധാരണക്കാരും കര്‍ഷകരുമാണ്. പുതുക്കിയ ഭൂനികുതി സ്ലാബ് അനുസരിച്ച് പഞ്ചായത്ത് പരിധിയില്‍ ഒരേക്കര്‍ കൃഷിഭൂമിയുള്ള കര്‍ഷകന് 500 രൂപയ്ക്ക് മേല്‍ ഭൂനികുതി അടയ്‌ക്കേണ്ടിവരും. ഇനിയത് മുനിസിപ്പല്‍ പരിധിയിലാണെങ്കില്‍ ഒരേക്കറിന് 925 രൂപയും കോര്‍പ്പറേഷന്‍ പരിധിയിലാണെങ്കില്‍ 1850 രൂപയുമാണ് ഭൂനികുതിയായി അടയ്‌ക്കേണ്ടി വരുന്നത്.ഇതിലൂടെ തന്നെ സാധാരണക്കാരനായ കര്‍ഷകന് ഈ കനത്ത നികുതി ഭാരം താങ്ങാവുന്നതിനും അപ്പുറമാണ്.ഭൂനികുതി,വൈദ്യുതി നിരക്ക്,വെള്ളക്കരം, കെട്ടിടനികുതി എന്നിവയെല്ലാം വര്‍ധിപ്പിച്ച ശേഷമാണ് കിഫ്ബി വഴിയുള്ള പദ്ധതികള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം.

കഴിഞ്ഞ അഞ്ചുവര്‍ഷമായി ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുകയോ മുടക്കം കൂടാതെ നല്‍കുകയോ ചെയ്തില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ എല്ലാ ക്ഷേമപദ്ധതികളും വികസന പദ്ധതികളും വെട്ടിക്കുറച്ച സര്‍ക്കാരാണ് ബജറ്റില്‍ വീണ്ടും പൊള്ള വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്നും ലിജു പറഞ്ഞു.
Previous Post Next Post