. സൗരയൂഥത്തിലെ ഏഴ് ഗ്രഹങ്ങൾ അപൂർവമായ ഒരു വിന്യാസത്തിനായി ഒരുങ്ങുകയാണ്. 2025 ഫെബ്രുവരി 28-ന് “പ്ലാനറ്ററി പരേഡ്” എന്നറിയപ്പെടുന്ന ഒരു അപൂർവ ജ്യോതിശാസ്ത്രസംഭവം നടക്കും. അന്നേ ദിനം ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഏഴ് ഗ്രഹങ്ങൾ സൂര്യന്‍റെ അതേ ദിശയില്‍ പ്രത്യക്ഷപ്പെടും. ഏഴ് ഗ്രഹങ്ങളും ഉള്‍പ്പെടുന്ന ഈ വിന്യാസം കാണണമെങ്കിൽ ഇനി 2040-വരെ കാത്തിരിക്കണം എന്നതിനാല്‍ ആകാശകുതകികള്‍ക്ക് ഫെബ്രുവരി 28 വിസ്മയ ദിനമാകും.
ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നീ ഗ്രഹങ്ങള്‍ ഒരു പ്രത്യക രീതിയിൽ ആകാശത്തിന് കുറുകെ സൂര്യന്‍റെ പാതയിൽ പ്രത്യക്ഷപ്പെടുന്നതാണ് പ്ലാനറ്ററി പരേഡ്. ഈ ഏഴ് ഗ്രഹങ്ങളുടെ സമ്പൂര്‍ണ ഒത്തുചേരൽ 2025 ഫെബ്രുവരി 28-നാണ് ആദ്യം ദൃശ്യമാവുക. 2025 മാർച്ച് 3 വരെ ഇന്ത്യയില്‍ ഈ ആകാശ കാഴ്‌ച പ്രതീക്ഷിക്കുന്നു. 2025 ജനുവരിയിൽ ആണ് ഈ ഗ്രഹ വിന്യാസം ആരംഭിച്ചത്. ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നിവ രാത്രി ആകാശത്ത് ഇതിനകം ദൃശ്യമാണ്. എന്നാല്‍ ഫെബ്രുവരി 28-ന് ബുധൻ കൂടി വരുന്നതോടെ ഈ നിര പൂർത്തിയാവുകയും അത്യപൂര്‍വ ആകാശക്കാഴ്ചയായി മാറുകയും ചെയ്യും.
എന്താണ് പ്ലാനറ്ററി പരേഡ്? ഏഴ് ഗ്രഹങ്ങൾ- ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, നെപ്റ്റ്യൂൺ, യുറാനസ്, ബുധൻ എന്നിവ സൂര്യന്‍റെ ഒരേ വശത്ത് എത്തുന്നതിനാല്‍ ഒരേസമയം ഭൂമിയിൽ നിന്ന് നോക്കുമ്പോൾ കാണുന്നതിനെയാണ് പ്ലാനറ്ററി പരേഡ് എന്ന് വിളിക്കുന്നത്. ഗ്രഹ വിന്യാസങ്ങൾ സാധാരണമാണെങ്കിലും ഒരേസമയം ഏഴ് ഗ്രഹങ്ങൾ ആകാശത്ത് ദൃശ്യമാകുന്നത് വളരെ അപൂർവമാണ്. ഗ്രഹങ്ങൾക്ക് ത്രിമാന ഭ്രമണപഥങ്ങൾ ഉള്ളതിനാൽ സാധാരണയായി അവ കൃത്യമായി വിന്യസിക്കപ്പെടാറില്ല.
ഫെബ്രുവരി 28 എന്തുകൊണ്ട് പ്രത്യേകമാണ്? ഏഴ് ഗ്രഹങ്ങളുടെ ക്രമീകരണം പൂര്‍ണമാകുന്ന ദിനമാണ് ഫെബ്രുവരി 28. ബുധൻ കൂടി ഈ പ്ലാനറ്ററി പരേഡിന്‍റെ ഭാഗമാകുന്നതോടെയാണിത്. സൂര്യനോട് അടുത്തായതിനാൽ സാധാരണയായി ബുധനെ കാണാൻ പ്രയാസമാണ്. എന്നാല്‍ ഫെബ്രുവരി 28-ന് സൂര്യാസ്‍തമയത്തിന് തൊട്ടുപിന്നാലെ ബുധനെ ദൃശ്യമാകും. ഇതോടെ വാനനിരീക്ഷകർക്ക് ഒരേസമയം ഏഴ് ഗ്രഹങ്ങളും കാണാൻ കഴിയും. ജ്യോതിശാസ്ത്രജ്ഞർക്കും അമച്വർ നിരീക്ഷകർക്കുമൊക്കെ ഈ ഗ്രഹ വിന്യാസം ഒരു സവിശേഷ അനുഭവമാണ്. ഇന്ത്യയിലെ കാഴ്ചക്കാർക്ക്, ഈ ആകാശക്കാഴ്ച കാണാൻ ഏറ്റവും അനുയോജ്യമായ സമയം സൂര്യാസ്‍തമയത്തിന് തൊട്ടുപിന്നാലെയാണ്. അതായത് സൂര്യൻ ചക്രവാളത്തിന് താഴെ അസ്‍തമിച്ചതിന് ഏകദേശം 45 മിനിറ്റിന് ശേഷം കാഴ്ചയ്ക്ക് ഉചിതമായ സമയമായിരിക്കും. പരമാവധി വിസിബിളിറ്റി ഉറപ്പാക്കാൻ പ്രകാശം കുറവുള്ള ഒരു സ്ഥലം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.
ഫെബ്രുവരി 28-ന് ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ അഞ്ച് ഗ്രഹങ്ങളെ നഗ്നനേത്രങ്ങൾ കൊണ്ട് എളുപ്പം കാണാൻ കഴിയും. എങ്കിലും സൂര്യനുമായുള്ള സാമീപ്യം കാരണം ശനിയെ കണ്ടെത്തുന്നത് ബുദ്ധിമുട്ടായിരിക്കും. യുറാനസും നെപ്റ്റ്യൂണും കൂടുതൽ ദൂരെയായും മങ്ങിയതായും കാണപ്പെടുന്നതിനാൽ ശരിയായ കാഴ്ചയ്ക്ക് ബൈനോക്കുലറുകളോ ടെലിസ്കോപ്പോ ആവശ്യമായി വരും. വ്യക്തമായ കാഴ്ച ഉറപ്പാക്കാൻ വാനനിരീക്ഷകർ കാലാവസ്ഥാ സാഹചര്യങ്ങൾ പരിശോധിക്കുകയും വെളിച്ചം കുറവുള്ള പ്രദേശങ്ങളിലേക്ക് പോകുകയും വേണം. മിക്ക ഗ്രഹങ്ങളെയും ഉപകരണങ്ങളുടെ സഹായമില്ലാതെ കാണാൻ കഴിയുമെങ്കിലും, നിങ്ങളുടെ ബൈനോക്കുലറും ദൂരദർശിനിയും യുറാനസിന്‍റെയും നെപ്റ്റ്യൂണിന്‍റെയും കാഴ്ച വളരെയധികം മെച്ചപ്പെടുത്തും.