ന്യൂഡൽഹി: രാജ്യത്തെ ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംയുക്ത വേദിയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയൻസ് (യുഎഫ്ബിയു) മാർച്ച് 24, 25 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കും. എല്ലാ തസ്തികയിലും ആവശ്യത്തിന് നിയമനവും താൽക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലും, ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനം നടപ്പാക്കുക, ജോലി സുരക്ഷിതത്വത്തിന് ഭീഷണിയും ഉഭയകക്ഷി ധാരണക്ക് വിരുദ്ധവുമായ ‘പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്‍റീവ്’ കേന്ദ്ര ധനമന്ത്രാലയം പിൻവലിക്കുക, ഓഫീസർമാർക്കും ജീവനക്കാർക്കും ആക്രമണങ്ങളിൽ നിന്ന് സുരക്ഷിതത്വം ഉറപ്പാക്കുക, പൊതുമേഖല ബാങ്ക് ഡയറക്ടർ ബോർഡുകളിൽ ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒഴിവ് നികത്തുക, ഐ.ഡി.ബി.ഐ ബാങ്കിൽ 51 ശതമാനം ഓഹരി കേന്ദ്ര സർക്കാർ നിലനിർത്തുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്കുന്നത്.
സ്ഥിരം ജോലികളുടെ പുറംകരാർ വത്കരണം, ബാങ്കിങ് വ്യവസായത്തിലെ അന്യായമായ തൊഴിൽ രീതികൾ, ഓഫീസർമാരുടെയും ജീവനക്കാരുടെയും സേവന വ്യവസ്ഥകളെ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ ഇടപെടൽ എന്നിവക്ക് എതിരെ കൂടിയാണ് പണിമുടക്ക്. പണിമുടക്കിന് മുന്നോടിയായുള്ള പ്രതിഷേധ പരിപാടികൾ വെള്ളിയാഴ്ച തുടങ്ങി. ഈമാസം 28ന് എല്ലാവരും ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തുക. അടുത്തമാസം അഞ്ചിന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ ധനകാര്യ സേവന വിഭാഗം, കേന്ദ്ര ലേബർ കമീഷൻ എന്നിവക്ക് പണിമുടക്ക് നോട്ടീസ് നൽകും. യുഎഫ്ബിയുവിന്‍റെ കുടക്കീഴിലുള്ള ഒമ്പത് സംഘടനകളും ചേർന്നാണ് പണിമുടക്കുന്നത്.