പാതിവില തട്ടിപ്പ്: സംസ്ഥാനത്ത് 600 കേസുകൾ; ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ




തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ പ്രതിയായ സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെഎൻ ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യഹർജി ഇന്ന് തിരുവനന്തപുരം ഒന്നാം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. അതേസമയം പാതിവില തട്ടിപ്പ് കേസിൽ സംസ്ഥാനത്ത് ആകെ 600 കേസുകൾ രജിസ്റ്റർ ചെയ്തു. 350 എണ്ണം ക്രൈംബ്രാഞ്ചിന് ഇന്ന് കൈമാറിയേക്കും.

ആനന്ദകുമാറിന്റെ പങ്കിനെക്കുറിച്ച് പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകും. അക്കൗണ്ടിൽ പണം സ്വീകരിച്ച അനന്തു കൃഷ്ണനാണ് തട്ടിപ്പിന്റെ മുഴുവൻ ഉത്തരവാദിത്ത്വമെന്ന് ആനന്ദകുമാർ ജാമ്യാപേക്ഷയിൽ പറയുന്നു. മുഴുവൻ സാമ്പത്തിക ഇടപാടുകളും നടത്തിയത് അനന്തുവിന്റെ അക്കൗണ്ടിലൂടെയാണ്. മറ്റ് ഡയറക്ടർമാർക്കോ സായിഗ്രാമിനോ തട്ടിപ്പിനെക്കുറിച്ച് അറിയില്ല.

വൻതുക പിരിച്ച സമയത്ത് എന്‍ജിഒ കോണ്‍ഫെഡറേഷനില്‍ നിന്ന് രാജിവച്ചു. എന്നാല്‍ രാജിക്കത്ത് ആരും സ്വീകരിക്കാതെ തിരിച്ചുവന്നുവെന്നും ജാമ്യഹര്‍ജിയില്‍ ആനന്ദകുമാര്‍ പറയുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ കണ്ണൂര്‍ എസ്പിയെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളത്. കണ്ണൂർ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി മാനസം ഹൗസിൽ എ മോഹനൻ നൽകിയ പരാതിയിലാണ് ആനന്ദകുമാർ അടക്കം ഏഴ് പേരെ പ്രതികളാക്കി പൊലീസ് കേസെടുത്തത്.

കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിതാ അംഗങ്ങള്‍ക്ക് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി നിരക്കില്‍ ഇരുചക്ര വാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2.96 കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ആനന്ദകുമാര്‍ കേസിലെ രണ്ടാം പ്രതിയാണ്.‌ അനന്തുവാണ് ഒന്നാം പ്രതി. ഡോ ബീന സെബാസ്റ്റ്യന്‍, ഷീബ സുരേഷ്, കെപി സുമ, ഇന്ദിര, കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ് എന്നിവരാണ് മറ്റു പ്രതികള്‍.
Previous Post Next Post