തിരുവനന്തപുരം വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്ക് കാരണം സാമ്പത്തിക പ്രതിസന്ധിയെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം. പ്രതി അഫാന്‍റെ അമ്മയ്ക്ക് മാത്രം 65 ലക്ഷത്തിന്‍റെ കടമുണ്ടെന്നും കൂട്ട കൊലകൾക്കിടയിലും അഫാൻ കടം വീട്ടിയെന്ന് പൊലീസ് കണ്ടെത്തി. അമ്മൂമ്മയെ കൊന്ന ശേഷം മാല പണയം വെച്ച് 74000 രൂപ വാങ്ങി. ഇതിൽ 40000 രൂപ കടക്കാർക്ക് സ്വന്തം അക്കൗണ്ട് വഴി നൽകിയെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.
ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അരുംകൊലയ്ക്കിടെ ബാറിലെത്തി അഫാൻ മദ്യപിച്ചെന്ന കാര്യം കൂടി ഇന്ന് പുറത്ത് വന്നിരിക്കുന്നു. ഉമ്മയടക്കം നാല് പേരെ തലക്കടിച്ച് വീഴ്ത്തിയ ശേഷമാണ് ബാറിൽ പോയത്. വീട്ടിലേക്ക് കൊണ്ടുപോകാനായും മദ്യം വാങ്ങി. വീട്ടിലെത്തി ഫർസാനയെയും അനുജനെയും കൊലപ്പെടുത്തിയ ശേഷവും അഫാൻ മദ്യം കഴിച്ചു എന്നാണ് പൊലീസ് കണ്ടെത്തല്‍. ഗൂഗിൾ സേർച്ച് ഹിസ്റ്ററി പരിശോധിക്കാൻ സൈബർ പൊലീസിന് കത്ത് നൽകിയിട്ടുണ്ട്. കൂട്ട ആത്മഹത്യയെ കുറിച്ച് കുടുംബം ആലോചിച്ചിരുന്നെന്ന മൊഴിയിലും പൊലീസ് പരിശോധന നടത്തും. അതേസമയം, ചികിത്സയിലുള്ള അഫാന്റെ ഉമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു. ഷെമിയുടെ മൊഴിയെടുത്ത് കേസിൽ കൂടുതൽ വ്യക്തവരുത്താനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം.