കോട്ടയം പാലായിൽ കിണറിന് ആഴം കുട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം...6 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കിണറ്റിനുള്ളിൽ നിന്നും പുറത്തെടുക്കുമ്പോഴേയ്ക്കും ഇദ്ദേഹത്തിൻ്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു


കോട്ടയം : പാലായിൽ കുടിവെള്ള പദ്ധതിയുടെ കിണറിന് ആഴം കുട്ടുന്നതിനിടെ മണ്ണിടിഞ്ഞ് കിണറിനുള്ളിൽ കുടുങ്ങിയ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. തമിഴ്നാട് കമ്പം  സ്വദേശി രാമനാണ് മരിച്ചത്. 6 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ കിണറ്റിനുള്ളിൽ നിന്നും പുറത്തെടുക്കുമ്പോഴേയ്ക്കും ഇദ്ദേഹത്തിൻ്റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. മീനച്ചിൽ പഞ്ചായത്തിലെ പാലാക്കാട്ട് കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കിണറിന്റെ ആഴം കൂട്ടുന്ന പ്രവർത്തനങ്ങൾക്കിടെയാണ് മണ്ണിടിഞ്ഞത്. ഈ സമയം കിണറ്റിനുള്ളിൽ ഉണ്ടാ യിരുന്ന തമിഴ്‌നാട് സ്വദേശിയായ തൊഴിലാളിയാണ്  കിണറിനുള്ളിൽ കുടുങ്ങിയത്. കിണറിന് അടിയിലെ പാറ പൊട്ടിക്കുന്നതിനായി സ്ഫോടനം നടത്തിയപ്പോൾ കിണറിനുള്ളിലെ കോൺക്രീറ്റ് റിംഗുകൾക്ക് ഇളക്കം തട്ടിയിരുന്നു.

പിന്നാലെ തൊഴിലാളികൾ കിണറിനുള്ളിൽ ഇറങ്ങിയപ്പോൾ മണ്ണിടിയുകയായിരുന്നു. 4 പേരാണ് കിണറിനുള്ളിൽ ഇറങ്ങിയത്. ഇവരിൽ 3 പേർ രക്ഷപെട്ടു. എന്നാൽ കമ്പം സ്വദേശി രാമൻ മണ്ണിനടിയിൽ കുടുങ്ങി. മണ്ണിനൊപ്പം കല്ലുകളും രാമൻ്റെ ദേഹത്ത് പതിച്ചിരുന്നു. കിണറിനകത്തേയ്ക്ക് ശക്തമായ ഉറവ എത്തിയതിനെ തുടർന്ന് മണ്ണ് കുതിർന്ന് ചെളിയായി മാറി. ഇതും രക്ഷാ പ്രവർത്തനത്തിന് വെല്ലുവിളിയായി. പാലായിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റുകളും ഈരാറ്റുപേട്ടയിൽ നിന്നും ടീംഎമർജൻസി കേരളാ അംഗങ്ങളും രക്ഷാ പ്രവർത്തനത്തിനായി എത്തിയിരുന്നു.



Previous Post Next Post