അമ്മയുടെ മൃതദേഹത്തിനൊപ്പം രണ്ട് പെൺമക്കൾ കഴിഞ്ഞത് 9 ദിവസം. ഒടുവിൽ മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചപ്പോഴാണ് അയൽവാസികൾ വിവരം അറഞ്ഞത്. ഹൈദരാബാദിലെ ബൗധ നഗർ ഏരിയയിലാണ് സംഭവം. മരിച്ച ശ്രീലളിത (45)യുടെ പെൺമക്കളായ റവാലിക (25), അശ്വിത (22) എന്നിവർക്കൊപ്പം വാരസിഗുഡയിലെ വാടക വീട്ടിലായിരുന്നു താമസം.
ഒമ്പത് ദിവസം മുമ്പാണ് ശ്രീ ലളിത ദുരൂഹസാഹചര്യത്തിൽ മരിച്ചത്. അമ്മയുടെ മരണത്തിൽ തകർന്ന പെൺമക്കൾ വീട് വിട്ട് പുറത്തിറങ്ങിയില്ല. പകരം, അടുത്ത എട്ട് ദിവസം അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിയാനാണ് തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ രണ്ട് യുവതികളും കൈഞരമ്പ് മുറിച്ച് ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നാണ് വിവരം.
വെള്ളിയാഴ്ച വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സെക്കന്തരാബാദ് എംഎൽഎ ടിപത്മറാവു ഗൗഡിൻ്റെ നിർദേശപ്രകാരം പൊലീസ് രണ്ട് യുവതികളെയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വാരസിഗുഡ പൊലീസ് ദുരൂഹ മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി. ലളിതയുടെ അഴുകിയനിലയിലുള്ള മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് അയച്ചു.