തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ഇന്ന്. രാവിലെ ഒമ്പത് മണിക്കാണ് നിയമസഭയിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തെരഞ്ഞടുപ്പും വരാനിരിക്കെ ജനപ്രിയ നിർദ്ദേശങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. ക്ഷേമ പെൻഷൻ 150 മുതൽ 200 രൂപ വരെയെങ്കിലും കൂട്ടി നൽകുമെന്നാണ് പ്രതീക്ഷ. കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെ വരുമാന വർദ്ധന ലക്ഷ്യമിട്ട പ്രഖ്യാപനങ്ങളുമുണ്ടാകും.
വിവിധ സേവന നിരക്കുകൾ കൂടാനിടയുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി മുൻനിർത്തിയുള്ള വികസന പദ്ധതി പ്രഖ്യാപനങ്ങൾക്കും വയനാട് പുനരധിവാസ പാക്കേജിനും ബജറ്റിൽ ഊന്നലുണ്ടാകും. സ്വകാര്യ നിക്ഷേപങ്ങളും സ്റ്റാർട്ടപ്പുകളും മുതൽ സ്വകാര്യ സർവ്വകലാശാലകളടക്കം പ്രഖ്യാപിത ഇടത് നിലപാടുകളിൽ നിന്ന് വ്യത്യസ്ഥമായ നയസമീപനങ്ങളും ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.