ദുബായ് ഇന്ത്യൻ രൂപയുടെ മൂല്യം
ഇന്ന്(വ്യാഴം) ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. ദിർഹത്തിന് 23.82 (ഡോളറിനെതിരെ 87.51) ആണ് ഇന്നത്തെ നിരക്ക്. ഇത് 24 രൂപയിലേയ്ക്ക് കടക്കാനുള്ള സാധ്യത കൂടുതലാണെന്ന് സാമ്പത്തിക വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ സന്തോഷത്തിലായ ഗൾഫിലടക്കമുള്ള ഇന്ത്യക്കാരുടെ തിരക്ക് വിവിധ മണിഎക്സ്ചേഞ്ചുകളിൽ അനുഭവപ്പെട്ടു.
ഇതിലുമേറെ നിരക്ക് 24 രൂപയിലെത്താൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പലരും ബാങ്ക് വായ്‌പയെടുത്ത് നാട്ടിലേയ്ക്ക് പണമയക്കാനും ആലോചിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഡോണൾഡ് ട്രംപിന്റെ പുനഃപ്രവേശനവും കൊണ്ട് പ്രത്യേകിച്ച് നവംബർ ആദ്യ വാരത്തിനു ശേഷം ഇന്ത്യൻ രൂപയുടെ മൂല്യം ഇടയുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. അന്നുമുതൽ ഡോളർ ശക്‌തമായ നിലയിലാണ്. ഇത് രൂപ--യുഎസ് ഡോളറിൽ അധിക സമ്മർദ്ദം ചെലുത്തി.
ജനുവരി 31-ലെ 86.64ൽ നിന്ന് ഡോളറിനെതിരെ ഏകദേശം 1 രൂപയാണ് കുറഞ്ഞിട്ടുള്ളത്.
യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേയ്ക്ക് പണമയക്കാൻ വളരെ അനുകൂലമായ സാഹചര്യമാണ് ഇതെന്ന് സാമ്പത്തിക വിദഗ്‌ധർ പറയുന്നു.
റമസാൻ അടുത്തിരിക്കുന്നതിനാൽ ഈ സീസണിൽ പണമയക്കുന്നതിൽ വർധനനവ് പ്രതീക്ഷിക്കാം. നേരത്തെയും ഇന്ത്യൻ രൂപാ നിരക്ക് ഇടിഞ്ഞപ്പോൾ ഒട്ടേറെ പ്രവാസി മലയാളികൾ ബാങ്ക് വായ്‌പയെടുത്ത് നാട്ടിലേയ്ക്ക് പണമയച്ചിരുന്നു. നിരക്ക് 24 രൂപയിലെത്തിയാൽ ഇത് കൂടും എന്ന് തന്നെയാണ് പ്രതീക്ഷ.