റോഡ് തടസപ്പെടുത്തി സിപിഎം സമ്മേളനം; ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് അപേക്ഷിച്ച് ഐജി




കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎമ്മും സെക്രട്ടേറിയറ്റിനു മുന്‍പില്‍ സിപിഐയുടെ കീഴിലുള്ള ജോയിന്റ് കൗണ്‍സിലും വഴി തടസപ്പെടുത്തി സമ്മേളനവും സമരവും നടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വീകരിച്ച കോടതിയലക്ഷ്യ നടപടിയില്‍ ഐജി ജി സ്പര്‍ജന്‍ കുമാര്‍ നിരുപാധികം മാപ്പ് അപേക്ഷിച്ച് സത്യവാങ്മൂലം ഫയല്‍ ചെയ്തു. റോഡ് തടസപ്പെടുത്തിയുള്ള പരിപാടികള്‍ തടയാന്‍ കഴിയാത്തതു അറിഞ്ഞു കൊണ്ടുള്ള വീഴ്ചയല്ലെന്നും അതിനാല്‍ കോടതിയലക്ഷ്യ നടപടിയില്‍ നിന്നു ഒഴിവാക്കണമെന്നുമാണ് ഐജി അപേക്ഷിച്ചിരിക്കുന്നത്.

സിപിഎം പാളയം ഏരിയാ കമ്മിറ്റി വഞ്ചിയൂരില്‍ റോഡ് തടസപ്പെടുത്തി സമ്മേളനം നടത്തുന്നത് വിലക്കി വഞ്ചിയൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നോട്ടീസ് നല്‍കിയിരുന്നു. പരിപാടി മറ്റൊരിടത്തേക്ക് മാറ്റണമെന്നും ഇക്കാര്യത്തില്‍ ഹൈക്കോടതി ഉത്തരവ് പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതു മറികടന്നു സിപിഎം സമ്മേളനം നടത്തുകയായിരുന്നു. 500ഓളം സിപിഎ പ്രവര്‍ത്തകരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതുമായി ബന്ധപ്പെട്ട് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പരിപാടി നടത്തുന്നത് തടഞ്ഞാല്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാന്‍ ഇടയുണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായ പ്രതിഷേധ പരിപാടിയുടെ ഭാഗമായി നടന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാനായി ഒട്ടേറെ സിപിഎം പ്രവര്‍ത്തകര്‍ അന്ന് തിരുവനന്തപുരത്തണ്ടായിരുന്നുവെന്നും വിശദീകരിക്കുന്നു.

സമ്മേളനവുമായി ബന്ധപ്പെട്ടു 22 പേരെ അറസ്റ്റ് ചെയ്തതടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. വേദിയില്‍ നാടകം അവതരിപ്പിച്ച കെപിഎസി ഗ്രൂപ്പിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.

സെക്രട്ടേറിയറ്റിനു മുന്നില്‍ ജോയിന്റ് കൗണ്‍സില്‍ വഴി തടസപ്പെടുത്തി സമരം നടത്തിയതുമായി ബന്ധപ്പെട്ട് സംഘടനാ ഭാരവാഹികളടക്കമുള്ള 10 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.

കോടതിയലക്ഷ്യ കേസില്‍ ഈ മാസം 10നു നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. മരട് സ്വദേശി എന്‍ പ്രകാശ് ഫയല്‍ ചെയ്ത കോടതിയലക്ഷ്യ ഹര്‍ജിയാണ് ഡിവിഷന്‍ ബഞ്ചിന്റെ പരിഗണനയിലുള്ളത്. 
Previous Post Next Post