
മൂത്തേടത്ത് കാട്ടാന ചരിഞ്ഞത് വെടിയേറ്റെന്ന് നിഗമനം. ആനയുടെ ശരീരത്തിൽ നിന്നും വെടിയുണ്ട കണ്ടെത്തി. പോസ്റ്റുമോർട്ടത്തിലാണ് വെടിയുണ്ട കിട്ടിയത്. വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചോളമുണ്ടയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ സെപ്റ്റിക് ടാങ്കിൽ ഇന്ന് രാവിലെയാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടത്. വെടിയുണ്ട ബാലസ്റ്റിക് പരിശോധനക്ക് അയക്കും. പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ചിട്ടില്ല.
പ്രദേശത്ത് പതിവായി കാണപ്പെടുന്ന കാട്ടാനയാണ് ചരിഞ്ഞത്. നീണ്ട് വളഞ്ഞ കൊമ്പുള്ള ആനയെ കസേരക്കൊമ്പൻ എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. പ്രദേശത്ത് ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഈ ആന ഇതേവരെ സൃഷ്ടിച്ചിരുന്നില്ല. സ്വകാര്യ വ്യക്തി തൻ്റെ കൃഷിയിടത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഉപയോഗിക്കാനായി നിർമ്മിച്ച ശുചിമുറിയുടെ ഭാഗമായ നാലടി വീതിയുള്ള സെപ്റ്റിക് ടാങ്കിലാണ് ആന വീണ് മരിച്ചത്.