പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ



കോട്ടയം: ചാനൽ ചർച്ചയിൽ മത വിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാന്‍റിലായതിന് പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുന്നു. ഇസിജി വേരിയേഷനെ തുടർന്നാണ് പി സി ജോർജിനെ ഇന്നലെ കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയോളജി ഐസിയുവിൽ പ്രവേശിപ്പിച്ചിത്.

48 മണിക്കൂർ നിരീക്ഷണമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത് . നിലവിൽ ജോർജിന്‍റെ ആരോഗ്യം തൃപ്തികരമാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം ജയിലിലേക്ക് മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെ ത്തും. അതേസമയം അടുത്ത ദിവസം പി സി ജോർജ് വീണ്ടും ജാമ്യപേക്ഷ നൽകും.

മത വിദ്വേഷ പരാമർശ കേസില്‍ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പി സി ജോർജിനെ ഇന്നലെ വൈകിട്ട് 6 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടശേഷമാണ് പാല സബ് ജയിലിലേക്ക് അയച്ചത്. മുൻപ് നടത്തിയ വിദ്വേഷ പരമാർശങ്ങൾ അടക്കം ചൂണ്ടികാട്ടിയാണ് പി സി ജോർജിന്റെ ജാമ്യപേക്ഷ കോടതി തള്ളിയത്.

പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് നടന്ന വൈദ്യ പരിശോധനയിലാണ് ഇസിജി വ്യതിയാനം കണ്ടെത്തിയത്. തുടർന്ന് കോടതി തന്നെയാണ് വിദഗ്ധ പരിശോധന നിർദ്ദേശിച്ചത്. തുടർന്ന് കോട്ടയം മെഡ‍ിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു . മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയിലും അദ്ദേഹത്തിൻ്റെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയിലെ കാർഡിയോളജി ഐസിയു വിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Previous Post Next Post