കോഴിക്കോട്: ചാരിറ്റിയുടെ മറവിൽ പീഡനശ്രമം നടത്തിയ ആൾക്കെതിരേ പരാതിയുമായി പെൺകുട്ടി. മലപ്പുറം സ്വദേശി വാഖിയത്ത് കോയക്കെതിരേ നടക്കാവ് പെലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകി. ആശുപത്രിയിൽ ബില്ലാടയ്ക്കാൻ സാഹായിക്കാമെന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും ശരീരത്തിൽ സ്പർശിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
പെൺകുട്ടിയുടെ പിതാവിന് കോഴിക്കോട്ടെ ആശുപത്രിയിൽ ശസ്ത്രക്രിയ ചെയ്തിരുന്നു. ഇതിന് മൂന്നു ലക്ഷം രൂപ അടയ്ക്കണമായിരുന്നു. അതിൽ ഒന്നര ലക്ഷം രൂപ അടച്ചെങ്കിലും 1.5 ലക്ഷം രൂപ കൂടി ബില്ലടയ്ക്കണമായിരുന്നു. ഈ തുക അടക്കാൻ സാധിക്കാത്തതിനാൽ ഡിസ്ചാർജായി 20 ദിവസം പിന്നിട്ടിട്ടും ആശുപത്രിയിൽ തന്നെ തുടരേണ്ട അവസ്ഥയായിരുന്നു. തുടർന്ന് പെൺകുട്ടി സഹായം അഭ്യർഥിച്ച് വീഡിയോ ചെയ്യുകയായിരുന്നു.
ഈ വീഡിയോ കണ്ടാണ് പ്രതി കുടുംബത്തെ സമീപിക്കുന്നത്. പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി മരുന്നു വാങ്ങി നൽകിയ വാഖിയത്ത് കോയ വയനാട്ടിൽ പോയി റൂമെടുക്കാമെന്നും കൂടുതൽ സഹകരിച്ചാൽ കൂടുതൽ സഹായം നൽകമെന്നും പെൺകുട്ടിയോട് പറയുകയായിരുന്നു. ഇതിനിടെ ശരീരത്തിൽ സ്പർശിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിയിട്ടു ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുകയായിരുന്നു. എതിർപ്പ് പ്രകടിപ്പിച്ചതോടെ പണം നൽകാനാവില്ലെന്ന നിലപാടിലേക്ക് വാഖിയത്ത് എത്തി. ഇയാൾ പെൺകുട്ടിക്കയച്ച് അശ്ലീല സന്ദേശങ്ങടക്കമാണ് പരാതി നൽകിയിരിക്കുന്നത്.
ഇതിനിടെ സാമൂഹിക പ്രവർത്തകനായ നൗഷാദ് തെക്കയിലിന്‍റെ നേതൃത്വത്തിൽ ആശുപത്രിയിലെ തുക അടച്ച് പെൺകുട്ടിയെയും കുടുംബത്തേയും വീട്ടിലെത്തിച്ചു. ഇതിനു ശേഷമാണ് പെൺകുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.