കൂരോപ്പട : നിരവധി കുടുംബങ്ങളുടെ സ്വപ്നമായിരുന്ന റോഡ് ഒടുവിൽ യാഥാർഥ്യമായി. കൂരോപ്പട പഞ്ചായത്തിലെ പതിനേഴാം വാർഡിലെ ളാക്കാട്ടൂർ കവലയ്ക്ക് സമീപം താമസിക്കുന്ന പതിറ്റാണ്ടുകളായി നടപ്പ് വഴി മാത്രമാണ് ഉണ്ടായിരുന്നത്. ഒട്ടേറെ ക്ലേശങ്ങൾ സഹിച്ചാണ് ജനങ്ങൾ നടന്നിരുന്നത്. പൊതുപ്രവർത്തകനായ ഹരി ചാമക്കാല തന്റെ ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലം വിട്ട് നൽകിയാണ് റോഡ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ രംഗത്ത് എത്തിയത്. തുടർന്ന് സമീപ വാസികളായവരും സന്തോഷത്തോടെ റോഡിന് സ്ഥലം നൽകി. ഉടൻ തന്നെ റോഡ് വെട്ടിത്തുറക്കുകയും ചെയ്തു. റോഡിന് ഉമ്മൻ ചാണ്ടി റോഡ് എന്ന് നാമകരണം ചെയ്യുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യൂ , പൊതുപ്രവർത്തകരായ മനോജ് . പി നായർ , ഹരി ചാമക്കാലാ തുടങ്ങിയവർ ചേർന്ന് റോഡിന് ഫണ്ട് ലഭിക്കുന്നതിന് ചാണ്ടി ഉമ്മന് നിവേദനം നൽകി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപാ അനുവദിക്കുകയും ചെയ്തു. തുടർന്ന് കോൺക്രീറ്റ് ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കി.
റോഡിന്റെ ഉദ്ഘാടനം ചാണ്ടി ഉമ്മൻ എം.എൽ.എ നിർവ്വഹിച്ചു. വികസനത്തിൽ രാഷ്ട്രീയം പാടില്ലെന്നും നാടിന്റെ വികസനത്തിന് കൂട്ടായ പരിശ്രമം ആവശ്യമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് അംഗം രാധാ. വി നായർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.എം ജോർജ്, പഞ്ചായത്ത് അംഗങ്ങളായ ഗോപി ഉല്ലാസ്, അനിൽ കൂരോപ്പട, സന്ധ്യാ സുരേഷ്, മനോജ് പി നായർ, ഹരി ചാമക്കാലാ തുടങ്ങിയവർ പ്രസംഗിച്ചു.