കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ..!!



കൈക്കൂലി വാങ്ങിയ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിന്‍റെ ഭാഗമായി വയനാട് വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിൽ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ റവന്യൂ ഇൻസ്പെക്ടർ സജിത്ത് കുമാർ ആണ് വീണത്. 10,000 രൂപ കൈക്കൂലി വാങ്ങവേ ഇന്ന് സജിത്ത് പിടിയിലാവുകയായിരുന്നു. വയനാട് മാനന്തവാടി സ്വദേശിയായ പരാതിക്കാരന്‍റെ പേരിൽ ഒരു സ്വകാര്യ ബാങ്കിൽ ഉണ്ടായിരുന്ന ലോൺ അടച്ച് തീർക്കുന്നതിനായി പരാതിക്കാരന്‍റെ അമ്മയുടെ പേരിൽ മാനന്തവാടി വില്ലേജ് പരിധിയിൽപ്പെട്ട 10 സെന്‍റ് സ്ഥലം വിൽക്കാൻ തീരുമാനിച്ചിരുന്നു. 

വസ്തു വിൽക്കുന്നതിനു വേണ്ടി ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജെസിബി ഉപയോഗിച്ച് സ്ഥലം നിരപ്പാക്കിയിരുന്നു. തുടർന്ന് ഞായറാഴ്ച മാനന്തവാടി ടൗണിൽ പരാതിക്കാരൻ നടത്തുന്ന സ്ഥാപനത്തിലെത്തിയ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ റവന്യൂ ഇൻസ്പെക്ടറായ സജിത്ത് കുമാർ, ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തതിന് പരാതി കിട്ടിയിട്ടുണ്ടെന്നും, ആയതിനാൽ 40,000 രൂപ ഫൈൻ അടക്കേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. 

ബാങ്ക് ലോണിന്‍റെ തിരിച്ചടവിനായിട്ടാണ് വസ്തു വിൽക്കുന്നതെന്നും ഉപദ്രവിക്കരുതെന്നും പരാതിക്കാരൻ പറഞ്ഞപ്പോൾ, ഫൈൻ ഒഴിവാക്കണമെങ്കിൽ തിങ്കളാഴ്ച 10,000 രൂപ കൈക്കൂലി നൽകണമെന്ന്  സജിത്ത്  കുമാർ ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം വയനാട് വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരികയുമായിരുന്നു.  

ഇന്ന് ഉച്ചക്ക് ഒന്നേ മുക്കാലോടെ മാനന്തവാടി – മൈസൂർ റോഡിലുള്ള ഫോറസ്റ്റ് ഓഫീസിന് സമീപം വച്ച് പരാതിക്കാനിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങവേ മാനന്തവാടി മുനിസിപ്പാലിറ്റിയിലെ റവന്യൂ ഇൻസ്പെക്ടർ സജിത്ത് കുമാറിനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയും ചെയ്തു. അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും. 

Previous Post Next Post