ഇവിഎമ്മുകളിലെ ഡാറ്റ മായ്ക്കരുത്, പരാജയപ്പെട്ട സ്ഥാനാര്‍ഥിക്ക് വ്യക്തത ആവശ്യമാണെങ്കില്‍ നല്‍കണം: സുപ്രീംകോടതി




ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നിര്‍ദേശം. തെരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും സുപ്രീം കോടതി ചോദിച്ചു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹരിയാനയും ഏതാനും കോണ്‍ഗ്രസ് നേതാക്കളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം.

തെരഞ്ഞെടുപ്പിന് ശേഷം ഇവിഎം മെമ്മറിയും മൈക്രോ കണ്‍ട്രോളറുകളും തിരിച്ചെടുക്കാന്‍ കഴിയാത്ത വണ്ണം മറ്റൊരു പ്രോഗ്രാം ഡിസ്‌ക്കിലേയ്ക്ക് മാറ്റുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ കമ്മീഷന്‍ നല്‍കണമെന്നും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിക്ക് വ്യക്തത ആവശ്യമാണെങ്കില്‍ അത് നല്‍കേണ്ടതുണ്ടെന്നും ക്രമക്കേട് നടന്നിട്ടില്ലെന്ന് എഞ്ചിനീയര്‍ വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ക്രമക്കേട് നടന്നിട്ടില്ലെന്ന് തെളിയിക്കാന്‍ വിവരങ്ങള്‍ മാറ്റപ്പെട്ട ഇവിഎം മെമ്മറിയും മൈക്രോകണ്‍ട്രോളറും എഞ്ചിനീയര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയില്‍ മാര്‍ച്ച് മൂന്നിന് അടുത്ത വാദം കേള്‍ക്കും.
Previous Post Next Post