ഇടുക്കി തൊടുപുഴയിൽ പട്ടാപ്പകൽ നടുറോഡിൽ മെഡിക്കൽ വിദ്യാഥിനിയെ കടന്നുപിടിച്ച യുവാവ് പൊലീസ് പിടിയിൽ.
തൊടുപുഴ പോലീസിൻ്റെ പിടിയിലായത് മൂവാറ്റുപുഴ സ്വദേശി നസീബാണ്. മൂന്നു ദിവസം മുമ്പായിരുന്നു സംഭവം.
സുഹൃത്തിനെ ബസ് കയറ്റി വിട്ട ശേഷം താമസ സ്ഥലത്തേക്ക് സ്കൂട്ടറിൽ മടങ്ങുംബോഴാണ് പെൺകുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്. സ്‌കൂട്ടറിൽ പിൻതുടർന്നെത്തിയ നസീബ് വാഹനം തടഞ്ഞ ശേഷം പെൺകുട്ടിയെ കടന്നുപിടിച്ചു. പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിയെത്തിയെങ്കിലും നസീബ് സ്കൂട്ടറിൽ രക്ഷപ്പെട്ടു. പിന്നീട് നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
മൂവാറ്റുപുഴ സ്വദേശിയായ നസീബ്, ഏറെ നാളായി തൊടുപുഴയിലാണ് താമസം. ഡ്രൈവറായി ജോലി നോക്കുന്ന ഇയാൾ നേരത്തെയും സ്ത്രീകളെ ശല്യം ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾ പെൺകുട്ടിയെ ഉപദ്രവിക്കാനെത്തിയ സ്‌കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.