
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് പദവിയിലെ തർക്കത്തിന് വിരാമം. മുസ്ലിം ലീഗ് പ്രതിനിധി ഒ പി അമ്മദിനെ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തു. അഞ്ചിനെതിരെ എട്ടു വോട്ടുകൾക്കാണ് ഒ പി അമ്മദ് വിജയിച്ചത്. മുൻ പ്രസിഡന്റ് പോളി കാരക്കടെയെയാണ് മുസ്ലിം ലീഗ് പ്രതിനിധി ഒപി അമ്മദ് പരാജയപ്പെടുത്തിയത്.
യുഡിഎഫ് ജില്ലാ നേതൃത്വത്തിന് തലവേദനയായി മാറുകയായിരുന്നു കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ് പദവിയിലെ തർക്കം. മുന്നണി ധാരണപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുസ്ലീം ലീഗിന് നല്‍കാത്തതുമായി ബന്ധപ്പെട്ടായിരുന്നു കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തില്‍ തര്‍ക്കം ഉടലെടുത്തത്. പദവി രാജിവെക്കാന്‍ കോണ്‍ഗ്രസിന്റെ പോളി കാരക്കട തയ്യാറാവാത്തതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
സ്ഥാനം ഒഴിയാൻ വിസമ്മതിച്ച പോളി കാരാക്കടയ്ക്കെതിരെ സിപിഐഎം പിന്തുണയോടെ മുസ്‌ലിം ലീഗ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. യുഡിഎഫിലെ ധാരണ അനുസരിച്ച് പ്രസിഡൻ്റ് സ്ഥാനം ഒഴിയാതിരുന്ന പോളി കാരാക്കടയെ കോൺഗ്രസ് നേതൃത്വം നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. സമവായ നീക്കങ്ങൾക്ക് വഴങ്ങാതെ പ്രസിഡൻ്റ് പദവി ഒഴിയില്ലെന്ന തീരുമാനത്തിൽ ഉറച്ച് നിന്നതോടെയാണ് കടുത്ത നടപടികളിലേയ്ക്ക് പോകാൻ പ്രദേശിക ലീഗ് നേതൃത്വം തീരുമാനിച്ചത്.
ഇതോടെയാണ് സിപിഐഎം പിന്തുണയോടെ കോൺഗ്രസ് പ്രസിഡന്റിനെതിരെ മുസ്‌ലിം ലീഗ് അവിശ്വാസപ്രമേയം നൽകിയത്. ആദ്യത്തെ നാലുവർഷം കോൺഗ്രസിനും അവസാനവർഷം ലീഗിനും പ്രസിഡന്റ് പദവി പങ്കുവെക്കാനായിരുന്നു ധാരണ. എന്നാൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം ധാരണ ലംഘിച്ചതോടെയാണ് സിപിഐഎമ്മിനെ കൂട്ടുപിടിക്കാൻ ലീഗ് തീരുമാനിച്ചത്.
പ്രസിഡന്റ് പദവി ലീഗിന് കൈമാറാൻ ഡിസിസി അധ്യക്ഷൻ നൽകിയ അന്ത്യശാസനയും കോൺഗ്രസ് പ്രാദേശിക നേതൃത്വം തള്ളിയിരുന്നു. 13 അംഗ ഭരണസമിതിയിൽ അഞ്ചു പേര്‍ എൽഡിഎഫ് പ്രതിനിധികളും ആറ് കോൺഗ്രസ് പ്രതിനിധികളും രണ്ട് ലീഗ് അംഗങ്ങളും ആണുള്ളത്.