വാട്ടർ ഗണ്ണിൽ ബാങ്ക് ജീവനക്കാരെയെല്ലാം ഭയപ്പെടുത്തി കവർച്ചയ്ക്ക് ശ്രമിച്ച മോഷ്ടാവ് പിടിയിൽ...


ബുസാൻ: വാട്ടർ ഗണ്ണിൽ ബാങ്ക് ജീവനക്കാരെയെല്ലാം ഭയപ്പെടുത്തി കവർച്ചയ്ക്ക് ശ്രമിച്ച മോഷ്ടാവ് പിടിയിൽ. ദക്ഷിണ കൊറിയയിലാണ് സംഭവം. ഫെബ്രുവരി 10ന് ബുസാൻ ബാങ്കിലേക്ക് നാടകീയമായി കയറി വന്ന മോഷ്ടാവാണ് ജീവനക്കാരെ പരിഭ്രാന്തിയിലാഴ്ത്തിയത്. മുഖം മാസ്ക് കൊണ്ട് മറച്ച് കൈയിൽ കരുതിയ തോക്ക് ഒരു പ്ലാസ്റ്റിക് ബാഗ് കൊണ്ട് മറച്ചാണ് പ്രതി കവർച്ചയ്ക്കു ശ്രമിച്ചത്. ഒരു നിമിഷം എല്ലാവരും ഭയന്നു പോയെങ്കിലും മാനേജർ കൃത്യസമയത്ത് ബാങ്കിന്‍റെ പ്രധാന വാതിൽ അടച്ച് സുരക്ഷാ അലാം പ്രവർത്തിപ്പിച്ചതോടെ കൊള്ളക്കാരൻ വെട്ടിലായെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

തന്‍റെ ബാഗിലേക്ക് പണം നിറയ്ക്കാൻ ആവശ്യപ്പെട്ട മോഷ്ടാവിനെ മുൻ സ്പെഷ്യൽ ഫോഴ്സ് ജീവനക്കാരനായിരുന്ന ഒരു കസ്റ്റമർ പുറകിൽ നിന്ന് വരുതിയിലാക്കുകയായിരുന്നു. അപ്പോഴേക്കും സുരക്ഷാ ജീവനക്കാരും സ്ഥലത്തെത്തി.

രണ്ട് മിനിറ്റ് കൊണ്ട് കൊള്ളക്കാരൻ പിടിയിലായി. ഇയാളുടെ കൈയിലുണ്ടായിരുന്ന പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ തോക്ക് പരിശോധിച്ചപ്പോഴാണ് അതൊരു ഡൈനോസറിന്‍റെ രൂപത്തിലുള്ള വെള്ളം ചീറ്റിക്കുന്ന തോക്കാണെന്ന് വ്യക്തമായത്.
Previous Post Next Post