അങ്കമാലി: തോട്ടം തൊഴിലാളിയായ അമ്പതുവയസുകാരനെ കാട്ടാന തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞു. അയ്യമ്പുഴ സ്വദേശി പ്രസാദാണ് ആക്രമണം നേരിട്ടത്. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ അങ്കമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ കല്ലാല എസ്റ്റേറ്റ് ഇ ഡിവിഷനിലെ പതിമൂന്നാം ബ്ലോക്കിലാണ് സംഭവം. കശുമാവിൻ തോട്ടത്തിലാണ് ആനകൾ നിലയുറപ്പിച്ചിരുന്നത്. രാവിലെ സ്ത്രീ തൊഴിലാളികൾ തോട്ടത്തിൽ കാട് വെട്ടാനെത്തുന്നതിനാൽ ആനകളെ സംഭവസ്ഥലത്തുനിന്ന് അകറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് ആക്രമണമെന്ന് സൂചന.
വേനൽക്കാലം കടുത്തതോടെ കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലേക്കെത്തുകയാണ്. പ്ലാന്‍റേഷനിലെ വിവിധഭാഗങ്ങളിൽ രാത്രിയെന്നോ പകലന്നോ വ്യാത്യാസമില്ലാതെ ഇവയെ കാണാം. പലപ്പോഴും പ്ലാന്‍റേഷന് പുറത്തേയ്ക്കും ആനകളും മറ്റ് വന്യമൃഗങ്ങളും എത്തുന്നുണ്ട്. ജനിച്ചുവളർന്ന നാട്ടിൽ സ്വസ്ഥമായി ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ് കാലടി പ്ലാന്‍റേഷനോടു ചേർന്നു താമസിക്കുന്നവർ. പലരുടെയും കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും വരെ കാട്ടാനകൾ എത്തിതുടങ്ങി.
വന്യജീവി ആക്രമണങ്ങളില്‍ പരുക്കേറ്റ നാട്ടുകാര്‍ക്ക് ചികിത്സാസഹായം നല്‍കുക, വനാര്‍ത്തികളില്‍ വൈദ്യുതി ഫെന്‍സിംങ്ങ് സ്ഥാപിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, വനം വകുപ്പിന്‍റെ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളുമായി നാട്ടുകാർ സർവകക്ഷി ജനകീയ പ്രതിഷേധസമരവുമായി പലതവണ രംഗത്തെത്തിയിട്ടും വനം വകുപ്പ് ഉദ്യോസ്ഥർ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആരോപണമുണ്ട്.
അയ്യമ്പുഴ, മലയാറ്റൂര്‍-നീലീശ്വരം, മൂക്കന്നൂര്‍, കറുകുറ്റി ഗ്രാമപഞ്ചായത്തുകളില്‍ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന ഇല്ലിത്തോട്, മുളംങ്കുഴി, കാടപ്പാറ, കണ്ണിമംഗലം, പാണ്ടുപാറ, അയ്യമ്പുഴ പ്ലാന്‍റേഷന്‍, പോര്‍ക്കുന്ന് പാറ, ഒലിവേലി, മാവേലിമറ്റം, കട്ടിംഗ്, ഏഴാറ്റുമുഖം പ്രദേശങ്ങളില്‍ വനാതിര്‍ത്തിയില്‍ തൂക്ക് സൗരോര്‍ജ വേലികളുടെ നിര്‍മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.