നെന്മാറ ഇരട്ടകൊലപാതക കേസ്; കുറ്റസമ്മത മൊഴി നൽകാൻ തയ്യാറല്ലെന്ന് ചെന്താമര

   

നെൻമാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റസമ്മത മൊഴി നൽകാൻ തയ്യാറല്ലെന്ന് പ്രതി ചെന്താമര. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചെന്താമര നിലപാട് മാറ്റിയിരിക്കുന്നത്. ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്ന് ഉച്ചക്ക് ശേഷം ചെന്താമരയെ ഹാജരാക്കിയത്. 

പ്രതിയുടെ കുറ്റസമ്മതമൊഴി എടുക്കാൻ വേണ്ടിയാണ് ജ‍ഡ്ജിക്ക് മുന്നിൽ ഹാജരാക്കിയത്. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ആ ചോദ്യങ്ങൾക്കെല്ലാം കൂസലില്ലാതെ ആയിരുന്നു പ്രതിയുടെ മറുപടി. എന്നാൽ അഭിഭാഷകനെ കണ്ടതിന് ശേഷമാണ് ചെന്താമരയുടെ നിലപാട് മാറ്റം. 

ഇക്കഴിഞ്ഞ ജനുവരി 27നായിരുന്നു പോത്തുണ്ടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. അയല്‍വാസി കൂടിയായ സുധാകരന്‍, അമ്മ ലക്ഷ്മി എന്നിവരെയായിരുന്നു ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കഴുത്തറുത്ത് കൊന്നിരുന്നു. ഭാര്യ പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസികളായ സജിതയും പുഷ്പയുമാണെന്നായിരുന്നു ചൊന്താമരയുടെ വിശ്വാസം.  ഇരുവരും കൂടോത്രം നടത്തിയതാണ് ഭാര്യ തന്നില്‍ നിന്ന് അകലാന്‍ കാരണമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു സുധാകരനേയും ലക്ഷ്മിയേയും ചെന്താമര കൊന്നത്. ഇരട്ടക്കൊലയ്ക്ക് ശേഷം ഇയാള്‍ കാട്ടിലേയ്ക്ക് കടന്നിരുന്നു. 29ന് പുലര്‍ച്ചെയാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. സജിത കേസില്‍ ചെന്താമരയുടെ ജാമ്യം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. 
Previous Post Next Post